യുവാവിനെ കൊടിമരത്തിൽ കെട്ടിയിട്ടു മർദിച്ചു; ഗുണ്ടാ സംഘത്തിലെ എട്ടുപേർ പിടിയിൽ
ഗുണ്ടാ സംഘത്തിലെ അംഗങ്ങൾ തമ്മിലുള്ള സംഘർഷമാണു സംഭവത്തിനു പിന്നിലെന്നു പോലിസ് പറഞ്ഞു. സ്ഥലത്തെ ലഹരി മാഫിയയുമായി ബന്ധമുള്ളളവരാണ് പിടിയിലായവർ. ചൊവ്വാഴ്ച രാവിലെ വിഴിഞ്ഞം തിയറ്റർ ജങ്ഷനിലായിരുന്നു സംഭവം.
തിരുവനന്തപുരം: യുവാവിനെ വീട്ടിൽനിന്നു പിടിച്ചിറക്കി കൊടിമരത്തിൽ കെട്ടിയിട്ടു മർദിച്ച സംഭവത്തിൽ പിടിയിലായ എട്ടുപേർ റിമാന്റിൽ. വിഴിഞ്ഞം ടൗണ്‍ഷിപ്പ് സ്വദേശി ഫൈസലിനാണു ക്രൂരമായി മർദനമേറ്റത്. സംഭവത്തിൽ വിഴിഞ്ഞം സ്വദേശികളായ ഷാഫി(26), കണ്ണൻ (23), ഇസ്മയിൽ (21), ഹാഷിം (29), ആഷിക് (29), അജ്മൽ(24), സജിൽ(21), ഫിറോസ് (21) എന്നിവരാണ് അറസ്റ്റിലായത്. ഗുണ്ടാ സംഘത്തിലെ അംഗങ്ങൾ തമ്മിലുള്ള സംഘർഷമാണു സംഭവത്തിനു പിന്നിലെന്നു പോലിസ് പറഞ്ഞു. സ്ഥലത്തെ ലഹരി മാഫിയയുമായി ബന്ധമുള്ളളവരാണ് പിടിയിലായവർ.
ചൊവ്വാഴ്ച രാവിലെ വിഴിഞ്ഞം തിയറ്റർ ജങ്ഷനിലായിരുന്നു സംഭവം. രാവിലെ പത്തിനു ഫൈസലിന്റെ വീട്ടിൽ ഓട്ടോയിൽ എത്തിയ മൂന്നംഗസംഘം വടിവാൾ കാട്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തിയശേഷം ഫൈസലിനെ മർദിച്ച് ഓട്ടോയിൽ വലിച്ചിഴച്ചു കയറ്റി. പിന്നീട് തീയറ്റർ ജങ്ഷനിലെത്തിച്ച് ഡിവൈഎഫ്ഐയുടെ കൊടിമരത്തിൽ കെട്ടിയിട്ടു മർദിക്കുകയായിരുന്നു. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു മർദനം.
അതിനിടെ മർദനം ചോദ്യം ചെയ്ത നാട്ടുകാരിൽ ചിലരെ അക്രമിസംഘം വാളുകൾ വീശി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. ക്രൂരമായ മർദ്ദനത്തിൽ അവശനായ യുവാവിനെ ഉപേക്ഷിച്ച് അക്രമികൾ രക്ഷപെട്ടു. പിന്നീട് വിഴിഞ്ഞം പോലിസെത്തിയാണു യുവാവിനെ രക്ഷപ്പെടുത്തിയത്. സമീപത്തെ കടയിലെ സിസിടിവിയിൽ നിന്നും മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പോലിസിന് ലഭിച്ചു. കൊടിമരത്തിൽ കെട്ടിയിട്ട സംഭവത്തിൽ ഡിവൈഎഫ്ഐ ലോക്കൽ സെക്രട്ടറിയും പ്രതികൾക്കെതിരേ പരാതി നൽകി.
സംഭവത്തെ കുറിച്ചു പോലിസ് പറയുന്നതിങ്ങനെ: മർദ്ദനമേറ്റ ഫൈസലിന്റെ മൊബൈൽഫോണ്‍ രണ്ടാഴ്ച മുമ്പ് പ്രതികളിലൊരാളായ ഷാഫി തല്ലിത്തകർത്തു. ഇതു പോലിസ് കേസായതോടെ പുതിയ മൊബൈൽ വാങ്ങി നൽകാമെന്ന വ്യവസ്ഥയിൽ പ്രശ്നം താത്കാലികമായി പരിഹരിച്ചു. ദിവസങ്ങൾക്കുശേഷം ഇവർ വീണ്ടും തെറ്റിപ്പിരിഞ്ഞു. ഒരാഴ്ച മുമ്പ് ഫൈസലുമായി ബന്ധമുള്ള സംഘം മുഹമ്മദ് ഷാഫിയെ ആക്രമിച്ചു വെട്ടിപരിക്കേൽപ്പിച്ചു. ഇതിനെതിരായ കേസും വിഴിഞ്ഞം പോലിസിൽ നിലനിൽക്കെയാണ് ആശുപത്രിയിൽനിന്നു പുറത്തിറങ്ങിയ ഷാഫിയുടെ നേതൃത്വത്തിൽ വീണ്ടും ആക്രമണം നടന്നത്.