പ്രതിഷേധം കനത്തു; പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍

Update: 2022-11-02 08:34 GMT

തിരുവനന്തപുരം: യുവജന സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 വയസാക്കിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. തുടര്‍നടപടികള്‍ പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഡിവൈഎഫ്‌ഐ, എഐവൈഎഫ്, യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം മരവിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

ഇതോടെ പൊതുമേഖലാസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കിയ ധനവകുപ്പ് ഉത്തരവ് മരവിപ്പിക്കും. 134 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളല്‍ 114 എണ്ണമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ചിലതില്‍ പെന്‍ഷന്‍ പ്രായം 60, ചിലതില്‍ 58. ചില സ്ഥാപനങ്ങളില്‍ തന്നെ, വര്‍ക്കേഴ്‌സിന് 60, സ്റ്റാഫിന് 58. ഇതെല്ലാം അവസാനിപ്പിച്ച് എല്ലായിടത്തും വിരമിക്കല്‍ പ്രായം 60 ആയി ഏകീകരിച്ചാണ് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നത്. ഉത്തരവിറക്കിയ ഒക്ടോബര്‍ 29 മുതല്‍ തീരുമാനം പ്രാബല്യത്തിലായിരുന്നു. സംസ്ഥാനത്തെ 122 പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും ആറ് ധനകാര്യ കോര്‍പറേഷനുകള്‍ക്കും ഉത്തരവ് ബാധകമാവുമായിരുന്നു. അതേസമയം, കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളില്‍ ഈ പ്രായപരിധി തല്‍ക്കാലം ഏര്‍പ്പെടുത്തില്ലെന്നും അറിയിച്ചിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവ് വിവാദമായതോടെ വിശദീകരണവുമായി ധനമന്ത്രി രംഗത്തെത്തിയിരുന്നു. കാര്യങ്ങള്‍ പൂര്‍ണമായും മനസിലാക്കാതെയാണ് വിമര്‍ശനങ്ങളെന്നായിരുന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ സര്‍ക്കാര്‍ മേഖലയിലേക്ക് വ്യാപിപ്പിക്കില്ല. പെന്‍ഷന്‍ പ്രായം ഏകീകരിക്കുകയല്ല ചെയ്തതെന്നും മന്ത്രി പറഞ്ഞിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പൊതുമാനദണ്ഡം രൂപീകരിക്കാന്‍ 2017ല്‍ റിയാബ് ചെയര്‍മാന്‍ തലവനായി ഒരു വിദഗ്ധസമിതിയെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.

Tags:    

Similar News