കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ആരംഭിച്ചത് പൂജയോടെ; അധ്യാപകരെ സസ്‌പെന്റ് ചെയ്യുന്നില്ലേയെന്ന ചോദ്യവുമായി വിമര്‍ശകര്‍

Update: 2022-05-19 14:08 GMT

മംഗളൂരു: ദക്ഷിണ കര്‍ണാടകയിലെ വിവിധ പ്രൈമറി സ്‌കൂളുകളില്‍ അധ്യായനം ആരംഭിച്ചത് ഹിന്ദു മതാചാര പ്രകാരമുള്ള പൂജയോടെ. മതചിഹ്നത്തിന്റെ പേര് പറഞ്ഞ് ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ പോലും അനുവദിക്കാതെ പുറത്ത് നിര്‍ത്തിയ കര്‍ണാടകയിലാണ് പൂജ അരങ്ങേറിയത്.

മംഗലാപുരം പടിബാഗിലും, ഹരിഹര പള്ളത്തഡ്ക, പൂഞ്ഞാല്‍ക്കാട്ടെ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് 'ഗാനഹോമ' പൂജകളോടെ സ്‌കൂളുകള്‍ ആരംഭിച്ചത്. ക്ലാസ് മുറികള്‍ക്കുള്ളില്‍ പൂജക്കുള്ള എല്ലാ ഒരുക്കങ്ങളും നടത്തി പൂജാരിയുടെ നേതൃത്വത്തിലാണ് കര്‍മങ്ങള്‍ നടത്തിയത്. അധ്യാപകരും വിദ്യാര്‍ഥികളും പൂജ നടക്കുന്ന സ്ഥലത്ത് കൈകൂപ്പി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

മതചിഹ്നമാണെന്ന പറഞ്ഞ് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നും പുറത്താക്കിയ കര്‍ണാടകയിലാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പൂജ അരങ്ങേറിയത്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ പോലും ബിജെപി ഭരണകൂടവും പോലിസും അനുവദിച്ചിരുന്നില്ല. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ സ്‌കൂളില്‍ കയറ്റിയതിന്റെ പേരില്‍ മുസ് ലിം അധ്യാപികയെ സസ്‌പെന്റ് ചെയ്ത നടപടിയും വാര്‍ത്തയായിരുന്നു. എന്നാല്‍, സ്‌കൂള്‍ അങ്കണത്തില്‍ പൂജ നടത്തിയിട്ടും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയോ അധികൃതര്‍ നടപടിയെടുക്കുകയോ ചെയ്യുന്നില്ല.

സര്‍ക്കാര്‍ സ്‌കൂളില്‍ ഹിന്ദു മതാചാര പ്രകാരമുള്ള പൂജ നടത്തിയിട്ടും സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയെടുക്കുന്നില്ലെ എന്ന ചോദ്യവുമായി നിരവധി പേര്‍ രംഗത്തെത്തി.

Tags:    

Similar News