ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായിരുന്ന വി കെ ശശികലയുടെ 250 കോടിയുടെ സ്വത്തുക്കള്‍ കൂടി സര്‍ക്കാര്‍ കണ്ടുകെട്ടി. ചെന്നൈയില്‍ ആറിടങ്ങളിലായി ബംഗ്ലാവും ഭൂമിയും കണ്ടുകെട്ടി. കാഞ്ചീപുരത്ത് 144 ഏക്കര്‍ ഫാം ഹൗസ്, ചെന്നൈ അതിര്‍ത്തിയിലെ 14 ഏക്കര്‍ ഭൂമി, മൂന്ന് വസതികള്‍ എന്നിവയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.ഇളവരിശിയുടേയും സുധാകരന്റെയും പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ബെനാമി കമ്പനികളുടെ പേരിലാണ് സ്വത്തുക്കള്‍ വാങ്ങിയിരുന്നത്.
ശശികല ചെന്നൈയില്‍ എത്തിയതിന് പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ നടപടി. ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയിലുള്ള ശശികലയുടെ 100 കോടിയിലധികം സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. അതേസമയം, അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലുവര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി ജയില്‍ മോചിതയായശശികലയുടെ രാഷ്ട്രീയപ്രവേശം തടയാന്‍ എഐഎഡിഎംകെ നടത്തുന്ന നീക്കമാണിതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അണ്ണാ ഡിഎംകെയുടെ ഇപ്പോഴത്തെ നേതാവ് താന്‍ തന്നെയാണ് എന്ന നിലപാട് പ്രഖ്യാപിക്കാനാണ് ശശികലയുടെ നീക്കങ്ങളെന്നാണ് സൂചന.