വാര്‍ഡ് പുനര്‍വിഭജനം; സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ചു

Update: 2024-05-22 05:18 GMT

തിരുവനന്തപുരം: തദ്ദേശ സ്ഥാപന വാര്‍ഡ് പുനര്‍വിഭജനവുമായി ബന്ധപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചയച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ഓര്‍ഡിനന്‍സ് അയക്കാനും ഗവര്‍ണര്‍ നിര്‍ദേശിച്ചു. സംസ്ഥാനത്തെ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലെയും നഗരസഭ, കോര്‍പറേഷനുകളിലെയും വാര്‍ഡ് പുനര്‍വിഭജനത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് കൂടുന്ന നിലയിലാണ് പുനര്‍നിര്‍ണയം നടത്തുന്നത്. വാര്‍ഡ് പുനര്‍നിര്‍ണയിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.

    അടുത്ത വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് വീതം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ 1,200 വാര്‍ഡുകള്‍ പുതുതായി രൂപപ്പെടും. ജനസംഖ്യാ വര്‍ധനവ് ചൂണ്ടിക്കാട്ടിയാണ് വാര്‍ഡുകള്‍ പുനര്‍നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ചെറിയ പഞ്ചായത്തുകളില്‍ 13ഉം വലുതില്‍ 23ഉം വാര്‍ഡുകളുമാണ് നിലവിലുള്ളത്. ഭേദഗതിയോടെ ഇത് 14ഉം 24ഉം ആയി മാറും. പുതിയ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക.

Tags:    

Similar News