പുതിയ പാര്‍ലിമെന്റില്‍ ആദ്യ ബില്‍ വനിതാസംവരണം; പ്രാബല്യത്തില്‍ വരിക മണ്ഡല പുനര്‍നിര്‍ണയശേഷം
ന്യൂഡല്‍ഹി: പുതിയ പാര്‍ലിമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ ആദ്യ ബില്ലായി അവതരിപ്പിച്ചത് വനിതാസംവരണം. തദ്ദേശ സ്ഥാപന മാതൃകയില്‍ ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്നു സീറ്റ് സ്ത്രീകള്‍ക്കു സംവരണം ചെയ്യാന്‍ നിര്‍ദേശിക്കുന്നതാണ് വനിതാ സംവരണ ബില്‍. നാരീശക്തി വന്ദന്‍ അധിനിയം എന്നു പേരുള്ള ബില്‍ കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ സിങ് മേഘ് വാള്‍ ആണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്‍ അവതണരത്തിനു ശേഷം സഭ ഇന്നത്തേക്കു പിരിഞ്ഞു. വനിതാ സംവരണ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ലോക്‌സഭയിലെ വനിതകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാവുമെന്ന് അര്‍ജുന്‍ സിങ് മേഘ് വാള്‍ പറഞ്ഞു. നിലവില്‍ 82 അംഗങ്ങളുള്ളത് 181 ആയി ഉയരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലോക്‌സഭ, സംസ്ഥാന നിയമസഭകള്‍, ഡല്‍ഹി നിയമസഭ എന്നിവിടങ്ങളില്‍
ആകെയുള്ള സീറ്റുകളുടെ മൂന്നിലൊന്ന് വനിതകള്‍ക്ക് സംവരണം ചെയ്യാനാണ് ഭരണഘടന ഭേദഗതി ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ, സംസ്ഥാന തലങ്ങളിലെ നയ രൂപീകരണത്തില്‍ വനിതകള്‍ക്കു കൂടുതല്‍ പങ്കാളിത്തം നല്‍കാനാണ് നിയമ നിര്‍മാണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയായ ശേഷം മാത്രമേ വനിതാ സംവരണം പ്രാബല്യത്തില്‍ വരൂ. 15 വര്‍ഷത്തേക്ക് സംവരണം തുടരാനാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്. ഓരോ മണ്ഡല പുനര്‍ നിര്‍ണയത്തിനു ശേഷവും വനിതാ സംവരണ സീറ്റുകള്‍ മാറും. എസ് സി, എസ്ടി വിഭാഗത്തിന് വനിതാ സംവരണത്തില്‍ ഉപ സംവരണമുണ്ടാവുമെന്ന് പറയുന്നുണ്ടെങ്കിലും ഒബിസി സംവരണത്തെ കുറിച്ച് പരാമര്‍ശമില്ലെന്നാണ് റിപോര്‍ട്ടുകള്‍. മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കാലതാമസം എടുക്കും എന്നതിനാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാവാന്‍ സാധ്യത വിരളമാണ്.