ലോക്‌സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് 11ന്; കൊടിക്കുന്നിലിനെ പിന്തുണയ്ക്കുമെന്ന് തൃണമൂല്‍

Update: 2024-06-26 04:55 GMT

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11ന് നടക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി ഓം ബിര്‍ളയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷുമാണ് മല്‍സരിക്കുന്നത്. അതേസമയം, തിരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ സുരേഷിനെ പിന്തുണയ്ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. കൊടിക്കുന്നലിനെ നിര്‍ത്താനുള്ള തീരുമാനം കോണ്‍ഗ്രസ് ഏകപക്ഷീയമായി സ്വീകരിച്ചതെന്ന് കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പിന്തുണ നല്‍കുമോയെന്ന കാര്യത്തില്‍ സംശയങ്ങളുണ്ടായിരുന്നു. ഇതോടെ കോണ്‍ഗ്രസും തൃണമൂലം സമവായത്തിലെത്തിയാണ് പിന്തുണ ഉറപ്പിച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കുകയെന്ന കീഴ് വഴക്കം അംഗീകരിക്കാന്‍ തയ്യാറായാല്‍ സ്പീക്കറുടെ കാര്യത്തില്‍ സമവായമാകാമെന്ന് ഇന്‍ഡ്യ സഖ്യം നിലപാട് സ്വീകരിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാതിരുന്നതോടെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഉണ്ടായത്. പ്രതിപക്ഷത്തിന് കരുത്ത് തെളിയിക്കാനുള്ള അവസരമായാണ് തിരഞ്ഞെടുപ്പിനെ കാണുന്നത്. 1998ന് ശേഷം ആദ്യമായാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഒന്നിലേറെ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നത്. അതേസമയം, ശശി തരൂര്‍ അടക്കമുള്ള പ്രതിപക്ഷത്തുള്ള ചില എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് ഇന്ന് വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ലെന്നാണ് വിവരം. ഇന്‍ഡ്യ സഖ്യത്തിലെ 232 എംപിമാരില്‍ അഞ്ചുപേരാണ് സത്യപ്രതിജ്ഞ ചെയ്യാത്തത്. രണ്ട് സ്വതന്ത്ര എംപിമാരടക്കം ആകെ ഏഴുപേര്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലോക്‌സഭയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിട്ടില്ല. കോണ്‍ഗ്രസ് എംപി ശശി തരൂര്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ശത്രുഘ്‌നന്‍ സിന്‍ഹ, ദീപക് അധികാരി, നൂറുല്‍ ഇസ്ലാം, സമാജ് വാദി പാര്‍ട്ടി എംപി അഫ്‌സല്‍ അന്‍സാരി എന്നിവരും രണ്ട് സ്വതന്ത്രരുമാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ ബാക്കിയുള്ളത്. 543 അംഗ പാര്‍ലമെന്റില്‍ നിലവില്‍ ഏഴുപേര്‍ സത്യപ്രതിജ്ഞ ചെയ്യാത്ത സാഹചര്യത്തില്‍ 536 അംഗങ്ങള്‍ക്കാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാവുക. ഈ സാഹചര്യത്തില്‍ 269 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഭൂരിപക്ഷം ലഭിക്കും. പ്രതിപക്ഷത്തിന് നിലവില്‍ 232 എംപിമാരാണുള്ളത്. ഇതില്‍ അഞ്ചുപേര്‍ സത്യപ്രതിജ്ഞ ചെയ്യാതിരുന്നതോടെ അവരുടെ അംഗബലം 227 ആയി കുറയും. എന്‍ഡിഎയ്ക്ക് 293 എംപിമാരുടെ പിന്തുണയുണ്ട്. കൂടാതെ നാല് എംപിമാരുള്ള ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎ സ്ഥാനാര്‍ഥി ഓം ബിര്‍ളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അല്‍ഭുതങ്ങളും അട്ടിമറികളും നടന്നില്ലെങ്കില്‍ ഓംബിര്‍ള തന്നെ വീണ്ടും സ്പീക്കറാവും.

Tags:    

Similar News