അണ്‍ലോക്ക് 4.0 മാര്‍ഗരേഖ പുറത്തിറക്കി; മെട്രോകള്‍ പ്രവര്‍ത്തനം ആരംഭിക്കും; അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ഇപെര്‍മിറ്റ് ആവശ്യമില്ല, സ്‌കൂളുകളും തിയേറ്ററുകളും അടഞ്ഞുതന്നെ
സെപ്തംബര്‍ ഏഴ് മുതല്‍ മെട്രോ റെയില്‍ പ്രവര്‍ത്തനം ഘട്ടം ഘട്ടമായി പുനരാരംഭിക്കും.
ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങള പടിപടിയായി ഒഴിവാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ ഒന്നിനു നിലവില്‍ വരുന്ന അണലോക്ക് 4 മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. സെപ്തംബര്‍ ഏഴ് മുതല്‍ മെട്രോ റെയില്‍ പ്രവര്‍ത്തനം ഘട്ടം ഘട്ടമായി പുനരാരംഭിക്കും. കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 22 മുതല്‍ രാജ്യത്തെ മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും ചരക്ക് ഗതാഗതത്തിനും നിയന്ത്രണം ഇല്ല. ഇത്തരം യാത്രകള്‍ക്ക് പ്രത്യേകം അനുമതികളോ ഇ -പെര്‍മിറ്റോ ആവശ്യമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ചട്ടങ്ങളില്‍ പറയുന്നു.
സെപ്തംബര്‍ 30 വരെയുള്ള ചട്ടങ്ങളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. സെപ്തംബര്‍ 21 മുതല്‍ സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്‌കാരിക, മതപരമായ ചടങ്ങുകളും നടത്താന്‍ സാധിക്കും. പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം. അതേസമയം, കൊവിഡ് 19 നിര്‍വ്യാപനത്തിനുള്ള ചട്ടങ്ങള്‍ തുടരും. കൂടാതെ ഓപ്പണ്‍ എയര്‍ തിയേറ്ററുകളും സെപ്തംബര്‍ 21 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്.
സെപ്തംബര്‍ 30 വരെ സ്‌കൂളുകളും കോളജുകളും അടച്ചിടും. അതേസമയം, ഓണ്‍ലൈന്‍ അധ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 50 ശതമാനം അധ്യാപക, അനധ്യാപക ജീവനക്കാര്‍ വിദ്യാലയങ്ങളില്‍ ഹാജരാവണം. സെപ്തംബര്‍ 21 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്ഥലങ്ങളിലാണ് ഇത് ബാധകം.