ഗ്രാഫിറ്റി എഴുത്തിനെ ബോംബ് ഭീഷണിയാക്കി; ജനം ടിവി വിദ്വേഷ പ്രചാരണം പൊളിഞ്ഞു
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആലുവ മുട്ടം യാര്‍ഡിലെ പമ്പ മെട്രോ ട്രെയിന്‍ ബോഗിയില്‍ ഗ്രാഫിറ്റി സന്ദേശം കണ്ടെത്തിയത്. 'ബേണ്‍ പ്ലേസ്' എന്ന് വലിയ അക്ഷരത്തിലും 'ഫസ്റ്റ് ഹിറ്റ് ഇന്‍ കൊച്ചി'യെന്ന് ചെറിയ അക്ഷരത്തിലുമാണ് എഴുതി വച്ചിട്ടുണ്ടായിരുന്നത്.
കോഴിക്കോട്: ഗ്രാഫിറ്റി എഴുത്തിനെ ബോംബ് ഭീഷണിയാക്കി ജനം ടിവി തൊടുത്തുവിട്ട മുസ്‌ലിം വിദ്വേഷ പ്രചാരണം പൊളിഞ്ഞു. ഈ വര്‍ഷം റിലീസ് ചെയ്ത യുഎസ് െ്രെകം ത്രില്ലര്‍ സിനിമ 'ബേണി'ന്റെ പരസ്യം പോലെയാണു ഗ്രാഫിറ്റി എഴുത്തെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. കേസില്‍ യുഎപിഎ ചുമത്തുന്നത് പരിഗണനയില്‍ ഇല്ലെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കി. ഇതോടെ വെട്ടിലായത് ജനം ടിവിയുടെ വിദ്വേഷ പ്രചാരണമാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആലുവ മുട്ടം യാര്‍ഡിലെ പമ്പ മെട്രോ ട്രെയിന്‍ ബോഗിയില്‍ ഗ്രാഫിറ്റി സന്ദേശം കണ്ടെത്തിയത്. 'ബേണ്‍ പ്ലേസ്' എന്ന് വലിയ അക്ഷരത്തിലും 'ഫസ്റ്റ് ഹിറ്റ് ഇന്‍ കൊച്ചി'യെന്ന് ചെറിയ അക്ഷരത്തിലുമാണ് എഴുതി വച്ചിട്ടുണ്ടായിരുന്നത്. കൊച്ചി മെട്രോ കോര്‍പറേഷന്റെ പരാതിയിലാണ് പോലിസ് കേസെടുത്തത്. മെയ് 30 ന് ഉച്ചയോടെയാണ് സ്‌ഫോടനം, 'ആദ്യ ആക്രമണം കൊച്ചിയില്‍; മെട്രോ ട്രെയിനിന് മുകളില്‍ ഭീഷണി സന്ദേശം; എഴുതിയത് രാത്രിയുടെ മറവില്‍; രാജ്യദ്രോഹത്തിന് കേസ് എടുത്ത് പോലിസ്' എന്ന തലക്കെട്ടോടെ ജനം ടിവി വാര്‍ത്ത നല്‍കിയത്.
ജനം ടിവി വിദ്വേഷ പ്രചാരണം കൊഴിപ്പിച്ചതോടെ ''ആദ്യ സ്‌ഫോടനം കൊച്ചിയില്‍' എന്ന് ഭീഷണി സന്ദേശം; മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് അതീവ സുരക്ഷാ മേഖലയില്‍ കടന്നു കയറിയും; കൊച്ചി ഭീകരരുടെ സ്വൈര്യ വിഹാര കേന്ദ്രമോ?' എന്ന തലക്കെട്ടില്‍ മീഡിയ മം?ഗളവും മറുനാടന്‍ മലയാളിയും മുസ്‌ലിം വിദ്വേഷ പ്രചാരണത്തിന്റെ കളം നിറച്ചു. 'മെട്രോ ഭീകരാക്രമണ ഭീഷണി: ജീവനക്കാര്‍ക്ക് പങ്കെന്ന് സംശയം' എന്ന തലക്കെട്ടോടുകൂടി കേരള കൗമുദിയും വാര്‍ത്ത നല്‍കിയിരുന്നു.
കൊച്ചി മെട്രോ ബോഗിയില്‍ ഭീഷണിസന്ദേശം എഴുതിയത് രണ്ടുപേര്‍ എന്ന തലക്കെട്ടില്‍ ന്യൂസ് 18 മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്ത അവസാനിപ്പിക്കുന്നത് നിരവധി അഭ്യൂഹങ്ങള്‍ പരത്തിക്കൊണ്ടാണ്. 'കേന്ദ്ര ഏജന്‍സികളും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഭീഷണിസന്ദേശത്തെ ഒരു മുന്നറിയിപ്പായി കണ്ടുതന്നെയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഇതിന് പിന്നില്‍ ആസൂത്രണ നീക്കമുള്ളതായാണ് പൊലീസ് കാണുന്നത്. സംഭവത്തിനു പിന്നില്‍ എന്തെങ്കിലും ഭീകരാക്രമണ സ്വഭാവമുള്ളവരാണോ എന്നും പരിശോധിക്കുന്നുണ്ട്.' എന്നായിരുന്നു ന്യൂസ് 18 മലയാളത്തിന്റെ അതിവായന.
സംഭവത്തില്‍ പോലിസ് ഐപിസി 447, 427 വകുപ്പുകള്‍ പ്രകാരം അതിക്രമിച്ചു കടന്നു കയറല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയ്ക്കു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ രണ്ടു പേരാണ് ഇതു ചെയ്തിരിക്കുന്നത് എന്നു കണ്ടെത്തിയെന്നും പോലിസ് അവകാശപ്പെടുന്നു. ഇവരുടെ മുഖവും അന്വേഷണ സംഘത്തിനു ലഭിച്ചു. എന്നാല്‍ ആരാണെന്നു കണ്ടെത്തിയിട്ടില്ല. മലയാളികള്‍ തന്നെയാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മൂന്നു ബോഗികളില്‍ ചിത്രരചന നടത്തി. പ്ലേ യുഫോസ്, ബേണ്‍ ഫസ്റ്റ് ഹിറ്റ് കൊച്ചി എന്നിങ്ങനെയാണ് വാക്കുകള്‍. ഇതില്‍ ബേണ്‍ ഫസ്റ്റ് ഹിറ്റ് കൊച്ചി എന്നെഴുതിയതാണ് തീവ്രവാദ ഭീഷണി എന്ന നിലയില്‍ വ്യാഖ്യാനിക്കപ്പെട്ടത്.