രാഷ്ട്രീയ എതിരാളികളെ കുടുക്കാന്‍ ഹണിട്രാപ്; കര്‍ണാടകയിലെ ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം

ബെംഗളൂരു: ബിജെപി എംഎല്‍എ രാഷ്ട്രീയ എതിരാളികളെ ഹണിട്രാപ്പില്‍ കുടുക്കാനും എയ്ഡ്‌സ് ബാധിതരാക്കാനും ശ്രമിച്ചതായി കര്‍ണാടക പോലിസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആര്‍ആര്‍ നഗര്‍ എംഎല്‍എയായ മുനിരത്‌ന ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കുറ്റപത്രത്തിലാണ് ഗുരുതര കണ്ടെത്തലുകള്‍. തന്നെ ഭീഷണിപ്പെടുത്തി ഒട്ടേറെ തവണ പീഡിപ്പിച്ചെന്ന 40 വയസ്സുകാരിയായ സാമൂഹികപ്രവര്‍ത്തകയുടെ പരാതിയിലാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
2481 പേജുള്ള കുറ്റപത്രത്തില്‍ 146 സാക്ഷി മൊഴികളാണുള്ളത്. തെളിവുകളായി 850 രേഖകളുമുണ്ട്. രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ തന്നെ ഉപയോഗിച്ച് മുനിരത്‌ന ഹണിട്രാപ് ഒരുക്കിയെന്നതു ഉള്‍പ്പെടെ പരാതിക്കാരിയുടെ ആരോപണങ്ങളില്‍ തെളിവുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ അറസ്റ്റിലായ മുനിരത്‌നയ്ക്കു പിന്നീട് ജാമ്യം ലഭിച്ചിരുന്നു.
ബിജെപി ഭരണത്തില്‍ റവന്യു മന്ത്രിയായിരിക്കെ, പ്രതിപക്ഷ നേതാവ് ആര്‍.അശോകയെ എച്ച്‌ഐവി സാന്നിധ്യമുള്ള രക്തം കുത്തിവയ്ക്കാന്‍ പോലിസ് ഉദ്യോഗസ്ഥനായ ഇയാന്‍ റെഡ്ഡിയുമായി ചേര്‍ന്ന് മുനിരത്‌ന ഗൂഢാലോചന നടത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ ശ്രമം പരാജയപ്പെട്ടതായും കണ്ടെത്തലുണ്ട്. മുനിരത്‌നയുടെ 2 അടുത്ത അനുയായികളും കേസിലെ പ്രതികളാണ്. മുന്‍ ഹോര്‍ട്ടികള്‍ചര്‍ വകുപ്പ് മന്ത്രിയായിരുന്ന മുനിരത്‌ന, രാജരാജേശ്വരി മണ്ഡലത്തില്‍നിന്നു നാലാമത്തെ തവണയാണ് തിരഞ്ഞെടുക്കപ്പെട്ടത്.