ബിജെപി മുന്‍ മന്ത്രി ഉള്‍പ്പെട്ട ലൈംഗിക പീഡന ആരോപണം; ഗൂഢാലോചനയ്ക്കു കേസെടുത്തു
ബെംഗളൂരു: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മന്ത്രി സ്ഥാനം രാജിവച്ച ബിജെപി എംഎല്‍എ രമേശ് ജാര്‍ക്കിഹോളിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതര്‍ക്കെതിരേ ഗൂഢാലോചന, ബ്ലാക്ക് മെയില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ബെംഗളൂരു പോലിസ്. പോലിസിനെ സമീപിക്കുന്നതിനുപകരം, മുന്‍ മന്ത്രി തന്റെ വിശ്വസ്തനായ എം വി നാഗരാജിനെ സദാശിവനഗര്‍ പോലിസ് സ്‌റ്റേഷനിലേക്ക് അയച്ചാണ് പരാതി നല്‍കിയത്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, പരാതിയില്‍ രമേശ് ജാര്‍ക്കിഹോളി ആരുടേയും പേര് പരാമര്‍ശിച്ചിട്ടില്ല. പണം തട്ടിയെടുക്കാന്‍ ഉദ്ദേശിച്ച് ചിലര്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ആരോപിക്കുന്നത്.
കഴിഞ്ഞ മൂന്ന് മാസമായി തനിക്കെതിരെ ഒരു വ്യാജ സിഡി(വീഡിയോ) സൃഷ്ടിച്ച് രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനും ബ്ലാക്ക് മെയില്‍ ചെയ്യാനും ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഇതില്‍ നിരവധി പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവരില്‍ ചിലര്‍ ഗൂഢാലോചന നടത്തി. വ്യാജ സിഡി തയ്യാറാക്കുന്നതിന്റെ ഭാഗമായി. രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചകായും ജാര്‍ക്കിഹോളി പ്രസ്താവനയില്‍ പറഞ്ഞു. കേസ് നിയമപരമായി നേരിടാന്‍ തീരുമാനിച്ചതായി ജാര്‍ക്കിഹോളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആരുടെയും പേര് നല്‍കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന്, നിയമ വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ പരാതി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട എല്ലാവരെയും പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ലൈംഗിക പീഡനാരോപണം അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ബെംഗളൂരുവിലെ ദേവനഹള്ളിക്കടുത്തുള്ള വിജയപുരയില്‍ നിന്ന് ഒരാളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഹാക്കര്‍ ഉള്‍പ്പെടെ ആറ് പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തതായാണ് പോലിസ് പറയുന്നത്. മാര്‍ച്ച് നാലിനു നിയമസഭാ സമ്മേളനത്തിന് രണ്ട് ദിവസം മുമ്പാണ് ജാര്‍ക്കിഹോളി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഒരു സാമൂഹിക പ്രവര്‍ത്തകന്‍ പോലിസില്‍ പരാതി നല്‍കി. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ രമേഷ് ജാര്‍ക്കിഹോളി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്. കന്നഡ വാര്‍ത്താ ചാനലുകള്‍ വന്‍ പ്രാധാന്യത്തോടെ നല്‍കിയതിനെ തുടര്‍ന്ന് രമേശ് ജാര്‍ക്കിഹോളി ജലവിഭവ മന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
Conspiracy Case Filed After Karnataka BJP MLA's Complaint Over Alleged Sex Tape