ഹിജാബിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ കര്‍ണാടകയില്‍ വ്യാപക അക്രമം; അധ്യാപകനെ തല്ലിച്ചതച്ചു, ബിജെപി എംഎല്‍എ നോക്കിനില്‍ക്കെ മുസ്‌ലിം വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം

Update: 2022-02-08 19:17 GMT

ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ സംഘപരിവാര്‍ അക്രമം അഴിച്ചുവിടുന്നു. സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനയായ എബിവിപിയെ മുന്നില്‍ നിര്‍ത്തിയാണ് സ്‌കൂളുകളിലും കോളജുകളിലും ഹിജാബിന്റെ പേരില്‍ ആക്രമണം വ്യാപിച്ചിരിക്കുന്നത്. കര്‍ണാടകയിലെ പല കോളജുകളിലും എബിവിപി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഹിജാബ് നിരോധനം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുകയും വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് കാവി ഷാള്‍ അണിയിക്കാന്‍ ശ്രമം നടത്തുകയും ചെയ്യുകയാണ്.

കര്‍ണാടകയിലെ ഒരു കോളജില്‍ കാവി ഷാള്‍ ധരിക്കുന്നതിനെ എതിര്‍ത്ത വിദ്യാര്‍ഥികള്‍ക്കെതിരേ എബിവിപി പ്രവര്‍ത്തകര്‍ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവവും റിപോര്‍ട്ട് ചെയ്യപ്പെട്ടു. ഇപ്പോള്‍ ഹിജാബ് പ്രതിഷേധത്തിന്റെ മറവില്‍ അധ്യാപകനെ ക്രൂരമായി തല്ലിച്ചതച്ച ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ബാഗല്‍കോട്ട് ജില്ലയിലാണ് അധ്യാപകനെ അക്രമികള്‍ ഇരുമ്പ് വടികൊണ്ടും മറ്റും ക്രൂരമായി തല്ലിച്ചതച്ചത്. അധ്യാപകന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബാഗല്‍കോട്ട് ജില്ലയിലെ ബനഹട്ടി ടൗണില്‍ സ്‌കൂള്‍ അധ്യാപകനായ മഞ്ജുനാഥ് നായ്ക്കിനാ (30) ണ് മര്‍ദ്ദനമേറ്റത്. 'ഞാന്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ഒരു സംഘം ആളുകള്‍ എന്റെ തലയില്‍ ഇരുമ്പ് വടികൊണ്ട് അടിക്കുകയായിരുന്നു.

എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല- 'മഞ്ജുനാഥ് നായ്ക് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. പിന്നീട് പോലിസെത്തിയാണ് അധ്യാപകനെ ആശുപത്രിയിലെത്തിച്ചത്. ബനഹട്ടി ടൗണില്‍ സ്ഥിതിഗതികള്‍ ഇപ്പോഴും സംഘര്‍ഷഭരിതമാണ്. അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലിസ് വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശിവമോഗ ജില്ലയില്‍ ഒരു മുസ്‌ലിം വിദ്യാര്‍ഥിയെ ഹിജാബിനെതിരേ പ്രതിഷേധിച്ചവര്‍ കൂട്ടം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ബിജെപി എംഎല്‍എ ഹരതാലു ഹാലപ്പ നോക്കിനില്‍ക്കെയായിരുന്നു അക്രമം അരങ്ങേറിയത്.

കല്ലേറിലും ലാത്തിച്ചാര്‍ജിലും പരിക്കേറ്റ വിദ്യാര്‍ഥികളെക്കുറിച്ച് അന്വേഷിക്കാന്‍ ഹാലപ്പ സാഗര്‍ ജില്ലാ ആശുപത്രിയിലെത്തിയപ്പോഴായിരുന്നു സംഭവം. ആശുപത്രി കവാടത്തില്‍ ഒട്ടേറെ വിദ്യാര്‍ഥി സംഘങ്ങള്‍ തമ്പടിച്ചിട്ടുണ്ടായിരുന്നു. വിദ്യാര്‍ഥി സംഘടനകള്‍ ഹാലപ്പയ്ക്ക് പരാതി നല്‍കാന്‍ ശ്രമിച്ചു. ഹിജാബിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. അതിനിടെ, ഹിജാബിനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥിയെ കാവി ഷാള്‍ ധരിച്ച വിദ്യാര്‍ഥികള്‍ അപ്രതീക്ഷിതമായി വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

തന്റെ മുന്നില്‍ അക്രമം അരങ്ങേറിയപ്പോഴും, ആളുകളെ തടയാന്‍ എംഎല്‍എ ശ്രമിച്ചില്ല. ഇതിന്റെ വീഡിയോ വൈറലാവുകയും എംഎല്‍എയ്‌ക്കെതിരേ വലിയ പ്രതിഷേധമുയരുകയും ചെയ്തിരിക്കുകയാണ്. അതിനിടെ, ഹിജാബിനെതിരായ പ്രതിഷേധമുയര്‍ത്തിയ എബിവിപി പ്രവര്‍ത്തകരുടെ മുന്നിലൂടെ ഹിജാബ് ധരിച്ച് വിദ്യാര്‍ഥിനി നടന്നുപോവുന്നതും വേറിട്ട കാഴ്ചയായി.

കാവി ഷാള്‍ ധരിച്ച് ജയ് ശ്രീറാം മുഴക്കി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കണ്‍മുന്നിലൂടെയാണ് സധൈര്യം വിദ്യാര്‍ഥിനി കോളജിലേക്ക് നടന്നുനീങ്ങിയത്. സംഘപരിവാറിന്റെ ജയ് ശ്രീറാം മുദ്രാവാക്യത്തിന് അല്ലാഹു അക്ബര്‍ എന്ന് വിളിച്ചാണ് വിദ്യാര്‍ഥിനി മറുപടി നല്‍കിയത്. അതേസമയം, ഉഡുപ്പി പ്രീ യൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥികള്‍ക്കും മറ്റും ഹിജാബ് ധരിക്കാനുള്ള അനുമതി നിഷേധിച്ചത് ചോദ്യം ചെയ്തുള്ള ഹരജികളില്‍ വാദം കേള്‍ക്കുന്നത് കര്‍ണാടക ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

Tags:    

Similar News