'ഗ്രേറ്റർ കശ്മീർ' റിപോർട്ടർ ഇർഫാൻ മാലികിനെ സായുധ സേന അർധരാത്രിയിൽ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടു പോയി
കശ്മീരില്‍ 370എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് താഴ്‌വര അശാന്തമായിരിക്കെ ആദ്യമായാണ് ഒരു മാധ്യമപ്രവര്‍ത്തകനു നേരെ ഇത്തരമൊരു നടപടി
കശ്മീരിലെ ത്രാൽ സ്വദേശിയായ ഇർഫാൻ മാലിക് പുൽവാമയിലെ റിപോർട്ടറാണ്. ബുധനാഴ്ച രാത്രി 11.30 ഓടെ ഒരു കൂട്ടം സായുധ സൈനികർ വീട്ടിലെത്തിയെന്നും അവർ ഇർഫാൻ മാലികിനെ പിടികൂടി കൊണ്ടുപോയെന്നുമാണ് കുടുംബാംഗങ്ങൾ പറയുന്നത്. ഇർഫാനെ ത്രാലിലെ പോലിസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോയതെന്ന് ദ ക്വിന്റ് റിപോര്‍ട്ട് ചെയ്തു. മകനെ എന്തിനാണ് കസ്റ്റഡിയിലെടുത്തതിന് കൃത്യമായ വിവരം പോലിസ് കുടുംബത്തിന് നല്‍കിയില്ലെന്ന് മാതാവ് ഹസീന പറയുന്നു. ലോക്കപ്പില്‍ അല്ല മകനെ പാര്‍പ്പിച്ചിരിക്കുന്നതെന്നും പോലിസ് മകനോട് അപമര്യാദയായി പെരുമാറിയില്ലെന്നും ഹസീന പറഞ്ഞു. കശ്മീരില്‍ 370എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് താഴ്‌വര അശാന്തമായിരിക്കെ ആദ്യമായാണ് ഒരു മാധ്യമപ്രവര്‍ത്തകനു നേരെ ഇത്തരമൊരു നടപടി. തെറ്റായ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്തത് ചോദ്യം ചെയ്യാനായാണ് പോലിസ് കസ്റ്റഡിയിലെടുത്തതെന്നാണ് എസ്പി താഹിര്‍ സലീം പിന്നീട് കുടുംബത്തെ അറിയിച്ചത്. എന്നാല്‍ 370 എടുത്തുകളഞ്ഞതിന് ശേഷം കശ്മീരില്‍ മാധ്യമങ്ങള്‍ക്ക് കടുത്ത വിലക്കാണെന്നും പത്രങ്ങള്‍ ഈദിവസങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും കുടുംബം പറഞ്ഞു. വ്യക്തമായ മറുപടിയല്ല എസ്പി തങ്ങളോട് പറഞ്ഞത്. മകനെ കസ്റ്റഡിയിലെടുത്തതിന് വ്യക്തമായ മറുപടി എസ്പി നല്‍കണമെന്നും ഹസീന മാധ്യമങ്ങളോട് പറഞ്ഞു.