ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പ്രതീകാത്മക ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് നടത്തും. ഉച്ചയ്ക്ക് 12:55 ന് ആരംഭിക്കുന്ന ചടങ്ങില്‍ ഭൂമി പൂജയും ശിലാസ്ഥാപനം ഉണ്ടാവും. തുടര്‍ന്ന് 2.15 ന് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും. എന്നാല്‍, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാവില്ല. പദ്ധതിയെ ചോദ്യം ചെയ്ത് സുപ്രിം കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ച് തീര്‍പ്പാകുംവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. അതേസമയം, ശിലാസ്ഥാപനച്ചടങ്ങിനും കടലാസ് ജോലികള്‍ക്കും തടസ്സമുണ്ടാവില്ല.
രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന 13.4 കിലോമീറ്റര്‍ ദൂരത്തിലുള്ള സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാനും നവീകരിക്കാനും ലക്ഷ്യമിട്ടുള്ള 20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ പ്രധാന ഭാഗമാണ് പുതിയ പാര്‍ലമെന്റ് കെട്ടിടം. 64,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. 2022 ആഗസ്തില്‍ രാജ്യത്തിന്റെ 75ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നിര്‍മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സെന്‍ട്രല്‍ വിസ്തയിലെ നിര്‍ദ്ദിഷ്ട കെട്ടിടത്തില്‍ ലോക്‌സഭാ ചേംബറില്‍ 888 അംഗങ്ങള്‍ക്ക് ഇരിക്കാനുള്ള ശേഷിയുണ്ടാവും. സംയുക്ത സെഷനുകളില്‍ 1224 അംഗങ്ങളായി ഉയര്‍ത്താനാവും. രാജ്യസഭ ചേംബറില്‍ 384 അംഗങ്ങള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. നിലവില്‍ ലോക്‌സഭയില്‍ 543 അംഗങ്ങളും രാജ്യസഭ 245 അംഗങ്ങളുമാണുള്ളത്. ഓരോ പാര്‍ലമെന്റ് അംഗത്തിനും 40 ചതുരശ്ര മീറ്റര്‍ ഓഫിസ് സ്ഥലം നല്‍കും. ഇത് 2024 ഓടെ പൂര്‍ത്തീകരിക്കും.
ബ്രിട്ടീഷ് കാലഘട്ടത്തില്‍ പണിത നിലവിലെ കെട്ടിടത്തിന്റെ പരിമിതികള്‍ കണക്കിലെടുത്താണ് പുതിയ പാര്‍ലമെന്റ് കെട്ടിടം എന്ന ആവശ്യം ഉന്നയിച്ചത്. നിലവിലുള്ള 93 വര്‍ഷം പഴക്കമുള്ള കെട്ടിടം ഘടനയ്ക്ക് കേടുപാട് വരുത്താതെ നവീകരിക്കാനാവില്ല. രാജ്യത്തിന്റെ പുരാവസ്തു സ്വത്തായതിനാല്‍ ഇത് സംരക്ഷിക്കപ്പെടുമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. ആറുവര്‍ഷത്തെ നിര്‍മാണത്തിനുശേഷം 1927 ജനുവരി 18നാണ് നിലവിലുള്ള പാര്‍ലമെന്റ് മന്ദിരം തുറന്നത്. 144 സാന്‍ഡ്‌സ്‌റ്റോണ്‍ നിരകളുള്ള ഭീമാകാരമായ വൃത്താകൃതിയിലുള്ള കെട്ടിടം രൂപകല്‍പ്പന ചെയ്തത് സര്‍ എഡ്വേര്‍ഡ് ല്യൂട്ടിയന്‍സ് ആണ്.
രാഷ്ട്രപതി ഭവനില്‍ നിന്ന് ഇന്ത്യാ ഗേറ്റ് വരെ നീളുന്ന ഇരുവശത്തും പാര്‍ക്കുകളുള്ള 13.4 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പദ്ധതി പൂര്‍ത്തീകരിക്കുക. യമുനാ തീരത്ത് രാജ്യത്തിന്റെ സമ്പന്നമായ ചരിത്ര-സാംസ്‌കാരിക പൈതൃകവും ശാസ്ത്രീയ നേട്ടങ്ങളും പ്രദര്‍ശിപ്പിക്കുന്ന സവിശേഷമായ നവ ഭാരത് ഉദ്യാന്‍ പാര്‍ക്ക് സ്ഥാപിക്കും. 20 ഏക്കര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ പുതിയ ഇന്ത്യയുടെ വൈവിധ്യത്തിലൂന്നിയ ഐക്യത്തിന്റെ പ്രതീകമാവുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിക്കുപുറമേ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ചടങ്ങില്‍ സംസാരിക്കും. ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നെങ്കിലും നേതാക്കള്‍ക്കിടയിലെ അഭിപ്രായഭിന്നത കാരണം പിന്‍വലിച്ചു. രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് പങ്കെടുക്കുമെന്നാണു വിവരം.
New Parliament complex will stone laying today