യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ സ്ഥാപനത്തിലെ റെയ്ഡ് തടഞ്ഞ 35 പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

ശൂരനാട്(കൊല്ലം): യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിന്റെ സ്ഥാപനത്തില്‍ റെയ്ഡ് നടത്താന്‍ എത്തിയ ജിഎസ്ടി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ തടഞ്ഞ 35 പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സംരംഭകനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ പി എസ് അനുതാജിന്റെ ശൂരനാട്ടെ വീട്ടിലും ഓഫിസിലുമാണ് സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ കൊട്ടാരക്കര, കൊല്ലം, കോട്ടയം, തിരുവനന്തപുരം ഇന്റലിജന്‍സ് യൂണിറ്റുകള്‍ സംയുക്തമായി പരിശോധന നടത്തിയത്. പരിശോധനയ്‌ക്കെത്തിയവരെ തടഞ്ഞുവച്ചെന്ന വനിതാ ഉദ്യോഗസ്ഥയുടെ പരാതിയില്‍ അനുതാജ് ഉള്‍പ്പെടെ മുപ്പത്തിയഞ്ചു പേര്‍ക്കെതിരെയാണ് ശൂരനാട് പോലിസ് കേസെടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത രേഖകള്‍ ബലമായി തട്ടിയെടുത്തു കൊണ്ടുപോയെന്നും പരാതിയുണ്ട്.
നികുതി വെട്ടിപ്പ് നടന്നതിന്റെ രേഖകള്‍ കണ്ടെത്തിയെന്നും തുക തിട്ടപ്പെടുത്തി വരികയാണെന്നും ജിഎസ്ടി ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് കമ്മിഷണര്‍ അറിയിച്ചു. അതേസമയം പരിശോധന രാഷ്ട്രീയപ്രേരിതമെന്നാണ് അനുതാജിന്റെ ആരോപണം.