സിറിയയിലെ ഐഎസ് തടവുകാരെ ഗ്വാണ്ടനാമോയിലേക്ക് മാറ്റാനൊരുങ്ങി യുഎസ്
സിറിയയില്‍നിന്നും സൈനികരെ പിന്‍വലിക്കാനുള്ള യുഎസ് തീരുമാനത്തെതുടര്‍ന്ന് ഐഎസ് തടവുകാരുടെ ഭാവി സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെയാണ് ഗ്വണ്ടാനമോയിലേക്ക് മാറ്റണമെന്ന നിര്‍ദേശമുയര്‍ന്നത്.
വാഷിങ്ടണ്‍: സിറിയയിലെ ഐഎസ് തടവുകാരെ കുപ്രസിദ്ധമായ ഗ്വണ്ടാനമോ തടവറയിലേക്ക് മാറ്റാനൊരുങ്ങി യുഎസ്. ദശാബ്ദത്തിനിടെ ആദ്യമായാണ് പുതിയ തടവുകാര്‍ ഗ്വണ്ടാനമോയിലെക്കെത്തുന്നത്. സിറിയയില്‍നിന്നും സൈനികരെ പിന്‍വലിക്കാനുള്ള യുഎസ് തീരുമാനത്തെതുടര്‍ന്ന് ഐഎസ് തടവുകാരുടെ ഭാവി സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെയാണ് ഗ്വണ്ടാനമോയിലേക്ക് മാറ്റണമെന്ന നിര്‍ദേശമുയര്‍ന്നത്.
ഐഎസ് പ്രവര്‍ത്തകരെന്ന് ആരോപിച്ച് ആയിരത്തോളം പേരാണ് യുഎസ് പിന്തുണയുള്ള സിറിയന്‍ പോരാളികളുടെ കസ്റ്റഡിയിലുള്ളത്. ഇവരെ അവരുടെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ച്് വിചാരണ ചെയ്യണമെന്നാണ് ആഭ്യന്തര വകുപ്പ് ആവശ്യപ്പെടുന്നത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരം ഡിസംബറില്‍ യുഎസ് സൈന്യം പിന്‍വാങ്ങുന്നതോടെ ഐഎസ് തടവുകാരെ കൈകാര്യം ചെയ്യുന്നത് തങ്ങളെ സംബന്ധിച്ച് അപ്രാപ്യമാവുമെന്ന് സിറിയന്‍ പോരാളികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവരെ സ്വദേശത്തേക്ക് അയക്കാന്‍ സാധ്യമല്ലെങ്കില്‍ നിയമാനുസൃതമായും അനുയോജ്യമായ രീതിയിലും ഇത്തരം തടവുകാരെ ഗ്വാണ്ടനാമോയിലേക്ക് മാറ്റുമെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വ്യക്തമാക്കുന്നു.