12 വര്‍ഷമായി കുറ്റംചുമത്താതെ ഗ്വണ്ടാനമോ ജയിലിലടച്ച അഫ്ഗാന്‍ പൗരന്റെ നില ഗുരുതരം
കാബൂള്‍: അല്‍-ഖാഇദ ബന്ധം ആരോപിച്ച് 12 വര്‍ഷമായി കുപ്രസിദ്ധമായ ഗ്വണ്ടാനമോ ജയിലിലടയ്ക്കപ്പെട്ട അഫ്ഗാന്‍ പൗരന്റെ ആരോഗ്യനില ഗുരുതരം. മുഹമ്മദ് റഹീം അല്‍ അഫ്ഗാനിയാണ് ഗുരുതര ആരോഗ്യപ്രശ്‌നം നേരിടുന്നതായി അഭിഭാഷകനും മനുഷ്യാവകാശ സംഘടനയും വ്യക്തമാക്കുന്നത്. 2017 ല്‍ ഗ്വാണ്ടനാമോയിലെ ജോയിന്റ് ടാസ്‌ക് ഫോഴ്‌സും(ജെടിഎഫ്) നടത്തിയ വൈദ്യപരിശോധനയിലും തുടര്‍ന്നുള്ള പരിശോധനകളിലും ഇദ്ദേഹത്തിന്റെ ശ്വാസകോശം, കരള്‍, വൃക്ക, വാരിയെല്ല് എന്നിവയില്‍ നിരവധി മുഴകള്‍ കണ്ടെത്തിയിരുന്നു. കാന്‍സര്‍ ആവാമെന്ന സംശയമുയര്‍ന്നിരുന്നെങ്കിലും ഇതുവരെ ബയോപ്‌സി ചെയ്തില്ല. റഹീമിന് ഒരു എംആര്‍ഐ പരിശോധനയ്ക്കു വിധേയമാക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നെങ്കിലും ആദ്യം സമ്മതിച്ച ഗ്വണ്ടാനമോ അധികൃതര്‍ പിന്നീട് തള്ളി. റഹിമിന്റെ സൈനിക അഭിഭാഷകന്‍ മേജര്‍ ജെയിംസ് വാലന്റൈന്‍ മെഡിക്കല്‍ രേഖകള്‍ സംഘടിപ്പിക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് പറയപ്പെടുന്നത്. ഗ്വണ്ടാനമോ തടങ്കല്‍പ്പാളയത്തിലെ ചില തടവുകാര്‍ക്ക് അവരുടെ കേസുകള്‍ വാദിക്കാന്‍ ഒരു സൈനിക അഭിഭാഷകനെ നിയോഗിക്കാറുണ്ട്.
2006 ലെ മിലിറ്ററി കമ്മീഷന്‍ ആക്റ്റ് പ്രകാരം പ്രവര്‍ത്തിക്കുന്ന ട്രൈബ്യൂണല്‍ സൈനിക കോടതികളില്‍ റഹീമിനും കൂട്ടാളി ഹാരൂണിനുമെതിരേ ഒരു കുറ്റവും ചുമത്തിയിരുന്നില്ല. മെഡിക്കല്‍ രേഖകള്‍ പുറത്തുവിട്ടാല്‍ റഹീം പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുമെന്നാണ് മേജര്‍ വാലന്റൈന്‍ വിശ്വസിക്കുന്നത്. ക്യൂബയിലെ കുപ്രസിദ്ധമായ തടങ്കല്‍ കേന്ദ്രത്തില്‍ തടവിലാക്കപ്പെട്ട രണ്ടാമത്തെ അഫ്ഗാന്‍ പൗരനാണ് റഹിം. ഇവിടെ തടവുകാരെ പതിവായി പീഡനത്തിനും ചോദ്യം ചെയ്യലിനും വിധേയരാക്കിയിരുന്നുവെന്ന് നേരത്തേ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മനുഷ്യാവകാശങ്ങള്‍ പരിരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍അമേരിക്കന്‍ കമ്മീഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ്(ഐഎസിആര്‍) ആണ് ആരോഗ്യ സംരക്ഷണത്തിനുള്ള റഹീമിന്റെ അവകാശം യുഎസ് സര്‍ക്കാര്‍ നിരസിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ മെയ് മാസം പരാതി നല്‍കിയത്.
'അഫ്ഗാനിസ്ഥാന്റെ ഗ്വണ്ടാനമോ' എന്നറിയപ്പെടുന്ന ബഗ്രാം ജയിലില്‍ 2005 മുതല്‍ 2010 വരെ തടവിലാക്കപ്പെട്ട റഹീമിന്റെ സഹോദരന്‍ അബ്ദുള്‍ ബാസിത്, ഗ്വണ്ടാനമോയില്‍ പ്രത്യേക വൈദ്യസഹായം റഹീമിന് ആവശ്യമാണെന്ന് പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിനു ഈ ജയിലുകളില്‍ ഒരു പരിഗണനയുമില്ല. റഹീമിനു കാന്‍സര്‍ വരാനുള്ള സാധ്യതയുണ്ട് എന്നതിനാല്‍ ഇത് ഗഗൗരവമുള്ളതാണെന്നും യുകെയില്‍ ഇപ്പോള്‍ രാഷ്ട്രീയ അഭയം പ്രാപിച്ച ബാസിത് പറഞ്ഞു. 'ഞാന്‍ അഞ്ച് വര്‍ഷം ബഗ്രാമില്‍ സഹിച്ചു. അവര്‍ തടവുകാരോട് എങ്ങനെ പെരുമാറുന്നുവെന്ന് എനിക്കറിയാമെന്നും ബാസിത് പറഞ്ഞു. 'റഹീമിനെതിരേ ഒരു യുദ്ധക്കുറ്റവും ചുമത്തിയിട്ടില്ല. അമേരിക്ക ഒരിക്കലും അദ്ദേഹത്തെ വിചാരണ നടത്തില്ല. ഇതുകാരണം നിരപരാധിത്വം തെളിയിക്കാന്‍ അദ്ദേഹത്തിന് ഒരിക്കലും അവസരം ലഭിക്കില്ലെന്നു മുന്‍ സൈനിക അഭിഭാഷകന്‍ ലഫ്റ്റനന്റ് കമാന്‍ഡര്‍ കെവിന്‍ ബൊഗക്കി പറഞ്ഞു.
സമാധാന ചര്‍ച്ചകള്‍ക്കായി ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ അഫ്ഗാന്‍ നേതാക്കള്‍ റഹീമിന്റെയും മറ്റൊരു അഫ്ഗാന്‍ തടവുകാരനായ അസദുല്ല ഹാരൂണിന്റെയും കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ചപര്‍ഹാര്‍ ജില്ലയില്‍ നിന്നുള്ള ഗോത്ര നേതാക്കള്‍ ഇവരുടെ മോചനം ആവശ്യപ്പെട്ടിരുന്നു. ഗ്വണ്ടാനമോ ബേ ജയിലില്‍ അവശേഷിക്കുന്ന അഫ്ഗാന്‍ തടവുകാരെ മോചിപ്പിക്കാന്‍ താലിബാന്റെ സഹസ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി ബരാദര്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയോട് അഭ്യര്‍ത്ഥിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗ്വണ്ടനമോ ജയിലില്‍ സിഐഎയുടെ ചോദ്യം ചെയ്യലില്‍ റഹീമിനെ കടുത്ത രീതിയില്‍ പീഡിപ്പിച്ചതായും ആരോപണമുയര്‍ന്നിരുന്നു.
സപ്തംബര്‍ 11 ആക്രമണത്തെ തുടര്‍ന്ന് 2001ല്‍ അഫ്ഗാനിസ്ഥാന്‍ ആക്രമിക്കുകയും യുഎസ് താലിബാനെ പരാജയപ്പെടുത്തുകയും നൂറുകണക്കിന് അഫ്ഗാനികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അവരില്‍ പലരെയും സിഐഎ രഹസ്യ ജയിലുകളിലേക്കും പിന്നീട് ഗ്വണ്ടാനമോ ജയിലിലേക്കും അയച്ചു. കിഴക്കന്‍ പാകിസ്താന്‍ നഗരമായ ലാഹോറിനടുത്തു നിന്ന് 2007 ജൂണ്‍ 25നാണ് റഹീമിനെ കൈയും കണ്ണും കെട്ടി നാലുചക്രവാഹനത്തില്‍ ബന്ധിപ്പിച്ച് ഒരു തെളിവും നല്‍കാതെ റഹീമിനെ പിടിച്ചുകൊണ്ടുപോയത്. അല്‍ഖാഇദ-താലിബാന്‍ ബന്ധവും ഉസാമ ബിന്‍ ലാദന് സഹായം ചെയ്തു എന്നുമാണ് ആരോപിച്ചത്. ഗ്വണ്ടാനമോയിലേക്ക് മാറ്റുന്നതിനുമുമ്പ് ആറുമാസമെങ്കിലും സിഐഎയുടെ കസ്റ്റഡിയില്‍ കഴിഞ്ഞതായി യുഎസ് പ്രതിരോധ വകുപ്പ് എട്ട് മാസം കഴിഞ്ഞ് 2008 മാര്‍ച്ച് 14ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ സ്ഥിരീകരിച്ചിരുന്നു. ഗ്വണ്ടാനമോയിലെ തടവുകാര്‍ക്കുള്ള അതീവരഹസ്യമായ ജയിലായ 'ക്യാംപ് 7' ല്‍ ആണ് മുഹമ്മദ് റഹീമിനെ പാര്‍പ്പിച്ചിരുന്നത്.
Stuck in Guantanamo for 12 years, Afghan inmate's health at risk