ഇലോണ്‍ മസ്‌കിന്റെ എക്‌സില്‍ ഇനി വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യില്ലെന്ന് ഗാര്‍ഡിയന്‍ പത്രം
ഇലോണ്‍ മസ്‌ക് തന്റെ വിഷമയമായ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ എക്‌സിനെ ഉപയോഗിച്ചു.
ലണ്ടന്‍: ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഇനി എഡിറ്റോറിയല്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കില്ലെന്ന് ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍. എക്‌സ് ഉപയോഗിക്കുന്നത് ഗുണത്തേക്കാള്‍ ദോഷമാണുണ്ടാക്കുകയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ കുറച്ചു കാലമായി ഇക്കാര്യം ആലോചനയിലുണ്ടായിരുന്നു. തീവ്ര വലതുപക്ഷക്കാരും ഗൂഡാലോചനസിദ്ധാന്തക്കാരും നിലപാടുകള്‍ പ്രചരിപ്പിക്കുന്ന സ്ഥലമാണ് എക്‌സ്. അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലം ഇതിന് തെളിവാണ്.
ഇലോണ്‍ മസ്‌ക് തന്റെ വിഷമയമായ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ എക്‌സിനെ ഉപയോഗിച്ചു. ഇത് രാഷ്ട്രീയ നേട്ടത്തിനും കൂടിയായിരുന്നു. അതിനാല്‍ ഇനി മുതല്‍ വാര്‍ത്തകള്‍ അറിയാന്‍ ഗാര്‍ഡിയന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാവും. സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്ന അല്‍ഗോരിതങ്ങള്‍ക്ക് അനുസൃതമായി വാര്‍ത്തകള്‍ നിര്‍മിക്കാന്‍ താല്‍പര്യമില്ലെന്നും കമ്പനി അറിയിച്ചു.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പണവും പിന്തുണയും നല്‍കിയ ഇലോണ്‍ മസ്‌കിന് ഭരണത്തില്‍ നിര്‍ണായക പങ്കാളിത്തം നല്‍കുമെന്ന് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 'സര്‍ക്കാരിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കല്‍' വകുപ്പിന്റെ ചുമതലയാണ് മസ്‌കിനുണ്ടാവുക.