ഗുജറാത്തിലെ 24 ശതമാനം മന്ത്രിമാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍; കോടിപതികള്‍ 94 ശതമാനം

Update: 2022-12-14 02:38 GMT

ന്യൂഡല്‍ഹി: പുതുതായി രൂപീകരിച്ച ഗുജറാത്ത് മന്ത്രിസഭയിലെ 24 ശതമാനം അംഗങ്ങളും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് റിപോര്‍ട്ട്. മന്ത്രിമാരുടെ സാമ്പത്തിക പശ്ചാത്തലമെടുത്താല്‍ 94 ശതമാനം പേരും കോടിപതികളാണ്. മുഖ്യമന്ത്രിയുടേതുള്‍പ്പെടെ 17 മന്ത്രിമാരുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം വിശകലനം ചെയ്ത ഗുജറാത്ത് ഇലക്ഷന്‍ വാച്ച് ആന്റ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിസഭയിലെ നാല് അംഗങ്ങള്‍ക്കെതിരേയാണ് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് റിപോര്‍ട്ട് പറയുന്നു.

ആറുശതമാനം പേര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളിലാണ് പ്രതികളായിട്ടുള്ളത്. 17 മന്ത്രിമാരില്‍ 16 പേരും അതായത് 94 ശതമാനം പേരും കോടീശ്വരന്‍മാരാണ്. വിശകലനം ചെയ്ത 17 മന്ത്രിമാരുടെയും ശരാശരി ആസ്തി 32.70 കോടി രൂപയാണെന്നാണ് കണ്ടെത്തല്‍. 372.65 കോടി രൂപ ആസ്തിയുള്ള സിദ്ധ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ബല്‍വന്ത്‌സിന്‍ഹ് ചന്ദന്‍സിന്‍ഹ് രാജ്പുത്താണ് ഏറ്റവും ധനികനായ മന്ത്രി. ദേവഗധ്ബാരിയ മണ്ഡലത്തില്‍ നിന്നുള്ള ഖബാദ് ബച്ചുഭായ് മഗന്‍ഭായിയാണ് ആസ്തിയില്‍ പിന്നില്‍.

92.85 ലക്ഷം രൂപ മാത്രമാണ് ഇദ്ദേഹം ആസ്തിയുള്ളതായി അറിയിച്ചിട്ടുള്ളത്. ആകെ 14 മന്ത്രിമാര്‍ തങ്ങള്‍ക്ക് ബാധ്യതകളുണ്ടെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. അതില്‍ ഏറ്റവും കൂടുതല്‍ ബാധ്യതയുള്ള മന്ത്രി സിദ്ധ്പൂര്‍ മണ്ഡലത്തിലെ ബല്‍വന്ത്‌സിന്‍ഹ് ചന്ദന്‍സിങ് രാജ്പുത്താണ് 12.59 കോടി രൂപയുടെ ബാധ്യതയാണ് ഇദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്. 35 ശതമാനം മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസിനും 12ാം ക്ലാസിനും ഇടയിലാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

8 (47 ശതമാനം) മന്ത്രിമാര്‍ ബിരുദമോ അതില്‍ കൂടുതലോ വിദ്യാഭ്യാസ യോഗ്യതയുയുള്ളവരും മൂന്ന് (18 ശതമാനം) മന്ത്രിമാര്‍ ഡിപ്ലോമ ബിരുദധാരികളുമാണ്. 18 ശതമാനം മന്ത്രിമാരും 31 നും 50 നും ഇടയില്‍ പ്രായമുള്ളവരാണ്. 14 (82 ശതമാനം) പേരുടെ പ്രായം 51 നും 80 നും ഇടയിലാണെന്ന് എഡിആര്‍ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 17 ഗുജറാത്ത് മന്ത്രിമാരില്‍ ഒരാള്‍ മാത്രമാണ് വനിതയായിട്ടുള്ളത്.

Tags:    

Similar News