യോഗി മന്ത്രിസഭയിലെ 22 അംഗങ്ങളും ക്രിമിനല്‍ കേസ് പ്രതികള്‍; 20 പേര്‍ക്കെതിരേ ഗുരുതര വകുപ്പുകള്‍
ഉത്തര്‍പ്രദേശില്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്ത 53 മന്ത്രിമാരില്‍ 45 പേര്‍ തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. അതിലാണ് മന്ത്രിസഭയിലെ 49 ശതമാനം പേരും ക്രിമിനല്‍ കേസ് പ്രതികളും 44 ശതമാനം പേര്‍ക്കെതിരേ ഗുരുതര വകുപ്പുകള്‍ ചുമത്തിയതായും വ്യക്തമായത്.
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ 22 അംഗങ്ങളും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് രേഖകള്‍. 20 പേര്‍ക്കെതിരേ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മെംബര്‍ ഓഫ് ലെജിസ്ലേറ്റീവ് കൗണ്‍സി (എംഎല്‍സി) ലിലെ 32 ശതമാനം അംഗങ്ങളാണ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ഉം ഉത്തര്‍പ്രദേശ് ഇലക്ഷന്‍ വാച്ചും നടത്തിയ വിശകലനത്തിലാണ് യുപി മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് വ്യക്തമായത്.
ഉത്തര്‍പ്രദേശില്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്ത 53 മന്ത്രിമാരില്‍ 45 പേര്‍ തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. അതിലാണ് മന്ത്രിസഭയിലെ 49 ശതമാനം പേരും ക്രിമിനല്‍ കേസ് പ്രതികളും 44 ശതമാനം പേര്‍ക്കെതിരേ ഗുരുതര വകുപ്പുകള്‍ ചുമത്തിയതായും വ്യക്തമായത്. 45 മന്ത്രിമാരില്‍ 39 പേരും (87 ശതമാനം) കോടീശ്വരന്‍മാരാണ്. അവരുടെ ശരാശരി ആസ്തി 9 കോടി രൂപയാണ്. തിലോയ് നിയോജക മണ്ഡലത്തില്‍ നിന്നുള്ള മന്ത്രി മായങ്കേശ്വര്‍ ശരണ്‍ സിങ്ങിനാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത്.
58.07 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. മന്ത്രിയും എംഎല്‍സിയുമായ ധരംവീര്‍ സിങ്ങിനാണ് ഏറ്റവും കുറവ് ആസ്തിയുള്ളത്. 42.91 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ ആകെയുള്ള സമ്പാദ്യമെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു. 27 മന്ത്രിമാര്‍ക്ക് ബാധ്യതകളുണ്ട്. ഭോഗ്‌നിപൂര്‍ നിയോജക മണ്ഡലത്തിലെ രാകേഷ് സച്ചന് 8.17 കോടി രൂപയുടെ ബാധ്യതയാണുള്ളത്. മന്ത്രിമാരില്‍ ഏറ്റവും ഉയര്‍ന്ന ബാധ്യതയാണിത്. ഒമ്പത് (20 ശതമാനം) മന്ത്രിമാര്‍ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത 8 മുതല്‍ 12 വരെ ക്ലാസുകളാണെന്ന് വ്യക്തമാക്കുന്നു.
36 (80 ശതമാനം) മന്ത്രിമാര്‍ ബിരുദവും അതിന് മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്. യോഗി സര്‍ക്കാരിലെ 20 (44 ശതമാനം) മന്ത്രിമാര്‍ 30 നും 50 നും ഇടയില്‍ പ്രായമുള്ളവരാണ്. 25 (56 ശതമാനം) മന്ത്രിമാര്‍ 51 നും 70 നും ഇടയില്‍ പ്രായമുള്ളവരാണ്. 45 മന്ത്രിമാരില്‍ അഞ്ച് പേര്‍ (11 ശതമാനം) വനിതകളാണ്. യോഗി മന്ത്രിസഭയിലെ 53 മന്ത്രിമാരില്‍ സഞ്ജയ് നിഷാദിന്റെയും ജിതിന്‍ പ്രസാദയുടെയും സത്യവാങ്മൂലം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നില്ല. മന്ത്രിമാരായ ജെ പി എസ് റാത്തോഡ്, നരേന്ദ്ര കശ്യപ്, ദിനേഷ് പ്രതാപ് സിംഗ്, ദയാശങ്കര്‍ മിശ്ര ദയാലു, ജസ്വന്ത് സൈനി, ഡാനിഷ് ആസാദ് അന്‍സാരി എന്നിവര്‍ നിലവില്‍ സംസ്ഥാന നിയമസഭയിലോ ലെജിസ്ലേറ്റീവ് കൗണ്‍സിലോ അംഗങ്ങളല്ലാത്തതിനാല്‍ റിപോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ വിശകലനം ചെയ്തില്ലെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ 26 അംഗങ്ങളാണ് ക്രിമിനല്‍ കേസില്‍ പ്രതികളായിട്ടുള്ളത്. ഇതില്‍ 22 പേര്‍ ബിജെപി അംഗങ്ങളും മന്ത്രിമാരുമാണ്. 100 സിറ്റിങ് എംഎല്‍സിമാരില്‍ 81 പേരുടെയും ക്രിമിനല്‍, സാമ്പത്തിക, പശ്ചാത്തല വിശദാംശങ്ങളാണ് അസോസിയേഷന്‍ പരിശോധിച്ചത്. നിലവിലെ ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ രണ്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയും ഏഴ് എംഎല്‍സിമാരുടെ സത്യവാങ്മൂലം ലഭ്യമല്ലാത്തതിനാലും വിശകലനം ചെയ്തിട്ടില്ല. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 10 എംഎല്‍സിമാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതില്ല.
അതിനാല്‍, അവരുടെ ക്രിമിനല്‍, സാമ്പത്തിക വിശദാംശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ല. 66 ബിജെപി എംഎല്‍സിമാരില്‍ 22 പേരാണ് ക്രിമിനല്‍ കേസ് നേരിടുന്നത്. മൂന്ന് എംഎല്‍സിമാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട കേസുകളിലാണ് (ഐപിസി സെക്ഷന്‍ 302) പ്രതികളായിട്ടുള്ളത്. നാല് പേര്‍ക്കെതിരേ കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട (ഐപിസി സെക്ഷന്‍ 307) കേസാണ്. സമാജ് വാദി പാര്‍ട്ടിയുടെ ഏഴ് എംഎല്‍സിമാരില്‍ മൂന്ന് പേരും ആറ് സ്വതന്ത്ര എംഎല്‍സിമാരില്‍ ഒരാളും ക്രിമിനല്‍ കേസ് നേരിടുന്നു.
വിശകലനം ചെയ്ത 81 സിറ്റിങ് എംഎല്‍സിമാരില്‍ 66 പേരും ബിജെപിയുടെ ഏറ്റവും കൂടുതല്‍ കോടീശ്വരന്‍മാരാണ്. ബിജെപിയുടെ 66 എംഎല്‍സിമാരില്‍ 54 പേരും എസ്പിയുടെ ഏഴ് എംഎല്‍സിമാരില്‍ ആറ് പേരും അപ്‌നാ ദളിന്റെ (സോനാലാല്‍) ഒരു എംഎല്‍സിയും ആറ് സ്വതന്ത്ര എംഎല്‍സിമാരില്‍ അഞ്ചുപേരും ഒരുകോടി രൂപയിലധികം ആസ്തിയുള്ളതായി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. 13 എംഎല്‍സിമാര്‍ അവരുടെ വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസിനും 12ാം ക്ലാസിനും ഇടയിലാണെന്ന് വിശദീകരിച്ചു. 66 എംഎല്‍സിമാര്‍ ബിരുദമോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. ഒരു എംഎല്‍സി തനിക്ക് വെറും സാക്ഷരത മാത്രമാണെന്ന് സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്.