കൊലയാളിക്കൊപ്പം ഇരയ്ക്കും അറസ്റ്റ് വാറണ്ട്; റദ്ദാക്കണമെന്ന് ഹമാസും പിഎല്‍ഒയും
ഗസാ സിറ്റി: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും യുദ്ധമന്ത്രി യോവ് ഗാലന്റിനുമൊപ്പം തങ്ങളുടെ നേതാക്കള്‍ക്കെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച നടപടിക്കെതിരേ ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ്. കൊലയാളിയുടെ കൂടെ ഇരയ്ക്കും അറസ്റ്റ് വാറണ്ട് ആവശ്യപ്പെടാനുള്ള ഐസിസി പ്രോസിക്യൂട്ടര്‍ കരീം ഖാന്റെ നീക്കത്തെ അപലപിക്കുന്നുവെന്നും വാറണ്ട് റദ്ദാക്കണമെന്നും ഹമാസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഏഴു മാസം വൈകിയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മന്ത്രി യോവ് ഗാലന്റിനുമെതിരേ പ്രോസിക്യൂട്ടര്‍ അറസ്റ്റ് വാറണ്ടിന് അപേക്ഷ നല്‍കിയതെന്നും ഹമാസ് ആരോപിച്ചു. ഐസിസി തീരുമാനത്തെ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും(പിഎല്‍ഒ) അപലപിച്ചു. ഹമാസ് നേതാക്കള്‍ക്കെതിരേ അറസ്റ്റ് വാറണ്ട് ആവശ്യപ്പെടാനുള്ള പ്രോസിക്യൂട്ടറുടെ നീക്കം ഇരയെയും കൊലയാളിയെയും തിരിച്ചറിയാതെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് പിഎല്‍ഒ പ്രസ്താവനയില്‍ വ്യക്തമാക്കി. ഗസ മുനമ്പില്‍ വംശഹത്യ തുടരുന്ന ഇസ്രായേലി ഉദ്യോഗസ്ഥര്‍ക്കെതിരേ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നും പിഎല്‍ഒ ആവശ്യപ്പെട്ടു. യുദ്ധക്കുറ്റങ്ങള്‍ക്കും മാനവികതക്കെതിരായ കുറ്റങ്ങള്‍ക്കും ഉത്തരവാദികള്‍ എന്നാരോപിച്ചാണ് നെതന്യാഹു, മന്ത്രി യോവ് ഗാലന്റ് എന്നിവര്‍ക്കൊപ്പം ഹമാസ് നേതാക്കളായ യഹ് യ സിന്‍വാര്‍, മുഹമ്മദ് ദഈഫ്, ഇസ്മായില്‍ ഹനിയ്യ എന്നിവര്‍ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ ഐസിസി ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ ആവശ്യപ്പെട്ടത്. അതേസമയം, ഇസ്രായേല്‍ നേതാക്കള്‍ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന ഐസിസി പ്രോസിക്യൂട്ടറുടെ ആവശ്യം ചരിത്രപരമായ നാണക്കേടാണെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു. ഇത് എക്കാലവും ഓര്‍മിക്കപ്പെടും. അത്തരത്തിലുള്ള നടപടിക്കെതിരേ പോരാടാന്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും അറസ്റ്റ് വാറന്റുകള്‍ പുറപ്പെടുവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ലോക നേതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.