'ഹമാസ് കരുതുന്നതിനേക്കാള്‍ വലിയ നേട്ടമുണ്ടാക്കി': തുറന്ന് സമ്മതിച്ച് ഇസ്രായേല്‍ മുന്‍ ജനറല്‍

ഫലസ്തീന്‍ പ്രശ്‌നത്തെ പ്രത്യേകിച്ച് ഗസയുടെ പ്രശ്‌നത്തെ ജ്വലിപ്പിച്ച് നിര്‍ത്തുന്നതില്‍ ഹമാസ് വിജയിച്ചു. ഫലസ്തീന്‍ പ്രശ്‌നം കെട്ടടങ്ങിയെന്ന് ലോകത്തേയും തങ്ങളെ തന്നെയും വിശ്വസിപ്പിക്കുന്നതില്‍ ഒരു പരിധി വരെ ഇസ്രായേല്‍ വിജയിച്ച വേളയിലാണ് ഈ തിരിച്ചടി.

Update: 2021-05-30 07:07 GMT

തെല്‍ അവീവ്: ഇക്കഴിഞ്ഞ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ വലിയ നേട്ടങ്ങള്‍ ഹമാസ് കൈവരിച്ചതായി ഇസ്രായേല്‍ മുന്‍ ജനറല്‍. ഇസ്രായേല്‍ വ്യോമസേനയിലെ മുന്‍ സീനിയര്‍ ജനറലാണ് ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസ് മേഖലയിലും വിദേശങ്ങളിലും കൈവരിച്ച നേട്ടങ്ങളെ സംബന്ധിച്ച് തുറന്നു സമ്മതിച്ചത്.

ഹമാസിന്റെ നേട്ടങ്ങള്‍ തിരിച്ചറിയാന്‍ ഒരു പാട് ആഴത്തിലേക്ക് നോക്കേണ്ടതില്ലെന്നും റിസര്‍വ് ബ്രിഗേഡിയര്‍ ജനറല്‍ അസഫ് അഗ്മോണ്‍ വ്യക്തമാക്കി. ഫലസ്തീന്‍ പ്രശ്‌നത്തെ പ്രത്യേകിച്ച് ഗസയുടെ പ്രശ്‌നത്തെ ജ്വലിപ്പിച്ച് നിര്‍ത്തുന്നതില്‍ ഹമാസ് വിജയിച്ചു. ഫലസ്തീന്‍ പ്രശ്‌നം കെട്ടടങ്ങിയെന്ന് ലോകത്തേയും തങ്ങളെ തന്നെയും വിശ്വസിപ്പിക്കുന്നതില്‍ ഒരു പരിധി വരെ ഇസ്രായേല്‍ വിജയിച്ച വേളയിലാണ് ഈ തിരിച്ചടി.

ഇപ്പോള്‍ വെസ്റ്റ് ബാങ്കിലേതുള്‍പ്പെടെയുള്ള ഫലസ്തീനികള്‍ക്കിടയിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ഹമാസ് നായക പദവിയിലേക്ക് ഉയര്‍ന്നു. ഫലസ്തീന്‍ അതോറിറ്റിയുടെ കീഴിലുള്ള പ്രദേശങ്ങളിലെ സംഘര്‍ഷങ്ങളിലും ജറുസലേമിലും ഇസ്രായേലില്‍ പോലും ഹമാസ് നേതൃ പദവിയിലെത്തിയെന്ന് തങ്ങള്‍ തിരിച്ചറിയുന്നതായി 1973ലെ ഈജിപ്തിനെതിരായ യുദ്ധത്തില്‍ പങ്കെടുത്ത ഇസ്രായേലി മുന്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.

'തങ്ങളുടെ കണ്ണില്‍ മാത്രമാണ് ഹമാസ് തകര്‍ന്നത്. പക്ഷേ പ്രായോഗിക തലത്തില്‍ ഒരു യുദ്ധത്തില്‍നിന്ന് മറ്റൊന്നിലേക്ക് അവര്‍ അവരുടെ ശക്തി വര്‍ദ്ധിപ്പിക്കുകയാണ്'-അദ്ദേഹം പറഞ്ഞു. ഗാസയ്‌ക്കെതിരായ ഇസ്രയേല്‍ ആക്രമണത്തെ വിജയമെന്ന് വാഴ്ത്തുന്ന ചീഫ് ഓഫ് സ്റ്റാഫ് രാഷ്ട്രീയ നേതൃത്വത്തെ തെറ്റായ പാതയില്‍ തുടരാന്‍ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നാം തിരിച്ചടികളില്‍നിന്ന് പാഠംപഠിച്ചില്ലെന്നതാണ് ഏറ്റവും മോശം കാര്യമെന്നും ഇത് തങ്ങളെ യുദ്ധഭൂമിയില്‍ തോല്‍വിയിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News