വയനാട്ടില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു; പുല്‍പ്പള്ളിയില്‍ വനംവകുപ്പ് വാഹനം തടഞ്ഞ് കൈയേറ്റശ്രമം

Update: 2024-02-17 07:20 GMT

കല്‍പ്പറ്റ: കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ആഹ്വാനംചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഇതിനിടെ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ പുല്‍പ്പള്ളിയില്‍ പ്രതിഷേധം. വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ജീപ്പ് വളഞ്ഞ പ്രതിഷേധക്കാര്‍ കാറ്റഴിച്ചുവിടുകയും റൂഫ് വലിച്ചുകീറുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലിസ് സംഘം ജീപ്പിന് സംരക്ഷണം നല്‍കിയെങ്കിലും പ്രതിഷേധം തുടര്‍ന്നു. ടി സിദ്ദീഖ് എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.

    പ്രതിഷേധം മൊബൈലില്‍ ചിത്രീകരിക്കാന്‍ പോലിസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചതോടെ പ്രശ്‌നം രൂക്ഷമായി. തുടര്‍ന്ന് ജീപ്പിന് മുകളില്‍ വനംവന്യജീവി വകുപ്പ് എന്നെഴുതിയ റീത്ത് വച്ചു. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്റെ ജഡവും പ്രതിഷേധക്കാര്‍ ജീപ്പിന് മുകളില്‍ വച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടില്‍ ഒരാഴ്ചയ്ക്കിടെ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ, സംരക്ഷണം ആവശ്യപ്പെട്ടാണ് ജില്ലയില്‍ യുഡിഎഫും എല്‍ഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പാക്കം കുറുവാ ദ്വീപിലെ വനംവകുപ്പിനു കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണസമിതി ജീവനക്കാരന്‍ വെള്ളച്ചാലില്‍ പോള്‍(55) വെള്ളിയാഴ്ച കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹവുമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് വനവകുപ്പ് ജീപ്പ് ഇതുവഴി കടന്നുപോയത്. ഇതുകണ്ട നാട്ടുകാരാണ് ജീപ്പ് വളഞ്ഞ് പ്രതിഷേധിച്ചത്.

Tags:    

Similar News