ഹര്‍ത്താല്‍ പൗരത്വ ഭേദഗതിക്കെതിരേയും എന്‍ആര്‍സിക്കെതിരെയുമുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗം -സംയുക്ത സമിതി

ജെ.എന്‍.യു, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി, അലിഗഢ്, ചെന്നെ ഐ.ഐ.ടി, മുംബൈ ടിസ് അടക്കം രാജ്യ വ്യാപകമായി നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമാണ് ഈ ഹര്‍ത്താല്‍.

Update: 2019-12-16 11:13 GMT

തിരുവനന്തപുരം: പൗരത്വ ഭേദഗതിക്കെതിരെയും എന്‍.ആര്‍.സിക്കെതിരെയുമുള്ള രാജ്യവ്യാപക പ്രക്ഷോഭങ്ങളില്‍ കേരളത്തിന്റെ കണ്ണി ചേരലായി നാളത്തെ ഹര്‍ത്താല്‍ മാറുമെന്ന് സംയുക്ത സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജാമിഅ മില്ലിയ, ജെ.എന്‍.യു, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി, അലിഗഢ്, ചെന്നെ ഐ.ഐ.ടി, മുംബൈ ടിസ് അടക്കം രാജ്യ വ്യാപകമായി നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമാണ് ഈ ഹര്‍ത്താല്‍. രാജ്യത്തെ പൗരന്‍മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ജനാധിപത്യ പ്രക്ഷേഭങ്ങളെ പോലീസിനെയും കേന്ദ്ര സേനകളെയും ഉപയോഗിച്ച് ചോരയില്‍ മുക്കിക്കൊല്ലാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. വിദ്യാര്‍ഥിനികളെ വരെ പൊതുനിരത്തില്‍ അക്രമിക്കുകയാണ്. ഈ സമഗ്രാധിപത്യ വാഴ്ചക്കെതിരെ നവോത്ഥാന കേരളത്തിന് ഒരുമിച്ച് പ്രതിഷേധിക്കാനുള്ള സന്ദര്‍ഭമാണ് നാളത്തെ ഹര്‍ത്താല്‍.

തികച്ചും ജനാധിപത്യപരവും സമാധാനപരവും ജനകീയവുമായിരിക്കും ഹര്‍ത്താല്‍. ഭരണകൂടവും കേരള പോലീസും സംഘ്പരിവാറും ഹര്‍ത്താലിനെതിരെ നടത്തുന്ന കുപ്രചാരണങ്ങളെ കേരള ജനത തള്ളിക്കളയണം. ഹര്‍ത്താല്‍ നടത്തുന്ന സംഘടനകളോ അവരുടെ പ്രവര്‍ത്തകരോ ഏന്തെങ്കിലും അക്രമ പ്രവര്‍ത്തനമോ ബലപ്രയോഗമോ ഹര്‍ത്താലിന്റെ പേരില്‍ നടത്തില്ല. ഡല്‍ഹി മാതൃകയില്‍ സംഘ്പരിവാരും പോലിസും ചേര്‍ന്ന് ഈ പ്രക്ഷോഭത്തെ പൈശാചികവല്‍ക്കരിക്കാന്‍ സാധ്യതയുണ്ട്. കേരള പോലിസില്‍ സംഘ്പരിവാറിന്റെ സ്വാധീനം എല്ലാവര്‍ക്കും അറിയുന്നതാണ്. കൃത്രിമമായി സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് മറ്റുള്ളവരുടെ മേല്‍ കെട്ടിവെക്കുക എന്നത് സംഘ്പരിവാറിന്റെ സ്ഥിരം രീതിയാണ്. കുമ്മനം രാജശേഖരന്റെ പ്രസ്താവനയില്‍ ഇതിന്റെ ദുസ്സൂചനയുണ്ട്. അങ്ങനെ വല്ലതും സംഭവിച്ചാല്‍ പോലിസിനും സര്‍ക്കാരിനും ആയിരിക്കും അതിന്റെ ഉത്തരവാദിത്വം. കേരള ജനത ഉയര്‍ന്ന ജാഗ്രതയോടെ കരുതിയിരിക്കണം. ജനാധിപത്യപരമായി നടക്കുന്ന ഈ പ്രക്ഷോഭത്തെ പിന്തുണക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ട് വരണം. ജനങ്ങള്‍ സ്വയം സന്നദ്ധരായി ഈ ഹര്‍ത്താല്‍ വിജയിപ്പിക്കും. കടകളടച്ചും യാത്രാ, തൊഴില്‍ എന്നിവ ഒഴിവാക്കിയും പഠിപ്പ് മുടക്കിയും മുഴുവന്‍ ജനങ്ങള്‍ക്കും അവരുടെ പ്രതിഷേധം രേഖപ്പെടുത്താനുളള സമര വേദിയാണ് ഹര്‍ത്താല്‍.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് യാതൊരുവിധ അസൗകര്യങ്ങളും ഉണ്ടാകില്ല. റാന്നി താലൂക്കിനെ സമ്പൂര്‍ണമായി ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാളെ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോ മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കോ ഒരു തടസ്സവുമുണ്ടാകാത്ത വിധത്തിലാകും ഹര്‍ത്താല്‍ നടക്കുക. എന്‍ആര്‍സി, പൗരത്വ ഭേദഗതി നിയമം എന്നിവക്കെതിരേയുള്ള കേരളത്തിന്റെ ശക്തവും ജനാധിപത്യപരവുമായ താക്കീതായി ഡിസംബര്‍ 17ലെ ഹര്‍ത്താലിനെ മാറ്റിയെടുക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്നും സംയുക്ത സമര സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.

കെ എ ഷെഫീക്ക് (സംസ്ഥാന ജനറല്‍ സെക്രട്ടറി, വെല്‍ഫെയര്‍ പാര്‍ട്ടി), മൂവാറ്റുപുഴ അഷ്‌റഫ് മൗലവി (സംസ്ഥാന വൈസ് പ്രസിഡന്റ്, എസ്ഡിപിഐ), മുരളി നാഗ (സംസ്ഥാന സെക്രട്ടറി, ബിഎസ്പി), സജി കൊല്ലം (വര്‍ക്കിംഗ് പ്രസിഡണ്ട്, ഡിഎച്ച്ആര്‍എം പാര്‍ട്ടി), അഡ്വ. ഷാനവാസ് (മൈനോറിറ്റി റൈറ്റ്‌സ് വാച്ച്), ശ്രീജ നെയ്യാറ്റിന്‍കര (കണ്‍വീനര്‍, സംയുക്ത സമിതി പ്രചരണ വിഭാഗം) സംബന്ധിച്ചു.


Tags:    

Similar News