വിദ്വേഷ പ്രസംഗക്കേസ്; പിസി ജോര്‍ജിന് വീണ്ടും നോട്ടിസ്
തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫിസില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം
കേസില്‍ മെയ് മാസം ഒന്നാം തീയതിയാണ് പിസി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചത്.നേരത്തെ, തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കൊട്ടിക്കലാശ ദിവസം ഫോര്‍ട്ട് പോലിസിന് മുന്നില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ച് മറുപടി നല്‍കിയ പി സി ജോര്‍ജ് അന്ന് ബിജെപി വേദികളിലെത്തിയിരുന്നു. അന്ന് തൃക്കാക്കരയില്‍ എത്തിയ പി സി ജോര്‍ജ് രണ്ടാമത്തെ കേസിന് ആധാരമായ വിദ്വേഷ പ്രസംഗം നടത്തിയ വെണ്ണല ക്ഷേത്രത്തിലായിരുന്നു അദ്യം എത്തിയത്. ക്ഷേത്ര ഭാരവാഹികളുടെ സ്വീകരണം ഏറ്റുവാങ്ങിയതിന് പിന്നാലെ എന്‍ഡിഎ പ്രചാരണ പരിപാടികളിലും പങ്കെടുത്തിരുന്നു.ഇതിന് പിന്നാലെ പോലിസ് നിര്‍ദ്ദേശിക്കുന്ന ഏത് സമയത്തും ഹാജരാകാമെന്നും 29ാം തീയതി ഹാജരാകാതിരുന്നത് ആരോഗ്യപ്രശ്‌നങ്ങളുമാണെന്ന് കാണിച്ച് കത്ത് നല്‍കിയിരുന്നു.
തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ റിമാൻഡിലായ പി സി ജോർജിന് ഹൈക്കോടതി കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പ്രായവും ആരോഗ്യനിലയും പരിഗണിച്ചാണ് ജോർജിനു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റം ആവർത്തിക്കരുത്, ശാസ്ത്രീയ പരിശോധനകളിൽ ഉൾപ്പെടെ അന്വേഷണവുമായി പൂർണമായി സഹകരിക്കണം, ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാവണം തുടങ്ങിയ ഉപാധികളോടെയാണു ജസ്റ്റിസ് പി.ഗോപിനാഥൻ ജാമ്യം അനുവദിച്ചത്.