ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം: ഉത്തരാഖണ്ഡ് സര്‍ക്കാരിനോട് തല്‍സ്ഥിതി റിപോര്‍ട്ട് തേടി സുപ്രിംകോടതി
ന്യൂഡല്‍ഹി: ഹരിദ്വാറിലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്വീകരിച്ച നടപടികളുടെ തല്‍സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദേശിച്ചു. കേസില്‍ നാല് എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും അതില്‍ മൂന്ന് എണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിഷയത്തില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം നല്‍കണമെന്ന് ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കറും എ എസ് ഓഖയും ഉള്‍പ്പെട്ട ബെഞ്ചിനോട് ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഒരു തല്‍സ്ഥിതി റിപോര്‍ട്ട് ഫയല്‍ ചെയ്യാമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. ഞായറാഴ്ച സംസ്ഥാനത്ത് നടക്കാനിരിക്കുന്ന അടുത്ത ധരം സന്‍സദ് പരിപാടിയില്‍ പ്രതികരണം തേടി ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. പരിപാടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രദേശിക കലക്ടറെ സമീപിക്കാനും ഹരജിക്കാരന് കോടതി അനുമതി നല്‍കി. ഏപ്രില്‍ 22ന് കേസ് വീണ്ടും പരിഗണിക്കും. ഏപ്രില്‍ 17ന് ഞായറാഴ്ച നടക്കാനിരിക്കുന്ന പരിപാടി റദ്ദാക്കണമെന്ന് പരാതിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
അടുത്ത പരിപാടി ഏപ്രില്‍ 17 ന് ഹിമാചല്‍ പ്രദേശില്‍ നടക്കുകയാണ്. അതാണ് യഥാര്‍ഥ പ്രശ്‌നം. എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കണമെന്ന് അദ്ദേഹം സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ആദ്യ ഉത്തരവ് ഉദ്ധരിച്ച്, ഇത്തരം സംഭവങ്ങളെക്കുറിച്ച് ഹരജിക്കാര്‍ക്ക് അധികാരികളെ അറിയിക്കാമെന്ന് സിബല്‍ പറഞ്ഞു. അപ്പോഴാണ് ഉത്തരവ് കണക്കിലെടുത്ത് ഹിമാചല്‍ പ്രദേശിലെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാന്‍ ഹരജിക്കാരന് സ്വാതന്ത്ര്യമുണ്ടെന്ന് ബെഞ്ച് മറുപടി നല്‍കിയത്.
പട്‌ന ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അഞ്ജന പ്രകാശ്, മാധ്യമപ്രവര്‍ത്തകന്‍ കുര്‍ബാന്‍ അലി എന്നിവര്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടന്ന ധര്‍മ സന്‍സദില്‍ ഹിന്ദു സന്യാസികള്‍ മുസ്‌ലിംകള്‍ക്കെതിരേ വംശഹത്യയ്ക്കും ആയുധം ഉപയോഗിക്കുന്നതിനുമുള്ള തുറന്ന ആഹ്വാനങ്ങള്‍ നടത്തിയെന്നാണ് കേസ്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17നും 19നും ഇടയില്‍ ഹരിദ്വാറില്‍ സംഘടിപ്പിച്ച രണ്ട് പരിപാടികളിലും വിവാദ സന്യാസി യതി നരസിംഹാനന്ദും ഡല്‍ഹിയില്‍ ഹിന്ദു യുവവാഹിനി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘടനയും വ്യക്തമായ ലക്ഷ്യത്തോടെ വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയതായി ഹരജിയില്‍ പറയുന്നു. ഇന്ത്യന്‍ പൗരന്‍മാരുടെ ഒരു പ്രധാന വിഭാഗത്തിനെതിരേയാണ് യുദ്ധം പ്രഖ്യാപിക്കുന്നത്. പ്രസ്തുത വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ഐപിസിയുടെ 120 ബി, 121 എ, 153 ബി വകുപ്പുകള്‍ ബാധകമാക്കാത്തതുള്‍പ്പെടെ ഫലപ്രദമായ നടപടികളൊന്നും പോലിസ് അധികാരികളില്‍ നിന്ന് സ്വീകരിച്ചിട്ടില്ലെന്ന് ഹരജിയില്‍ ആരോപിക്കുന്നു.