
കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജിനെ പോലിസ് ഉടന്‍ അറസ്റ്റ് ചെയ്യില്ല. തിടുക്കപ്പെട്ട് വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ടെന്നാണ് പോലിസ് തീരുമാനം. അങ്ങനെ അറസ്റ്റ് ഉണ്ടായാല്‍ അത് പി സി ജോര്‍ജിന് രാഷ്രീയ നേട്ടമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചാല്‍ പോലിസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയേക്കും.
യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് ഈരാറ്റുപേട്ട പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോര്‍ജിനെതിരെ കേസെടുത്തത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും പിസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. കടുത്ത നിരീക്ഷണങ്ങളോടെയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. പ്രഥമ ദൃഷ്ട്യാ മതവിദ്വേഷത്തിനെതിരായ കുറ്റം നിലനില്‍ക്കും. പൊതുമധ്യത്തില്‍ മാപ്പുപറഞ്ഞ് കുറ്റകൃത്യത്തെ ലഘൂകരിക്കാന്‍ ആവില്ല.
വര്‍ഷങ്ങള്‍ ജനപ്രതിനിധിയായിരുന്ന ഒരാളുടെ പരാമര്‍ശങ്ങള്‍ സമൂഹം കാണുന്നുണ്ട്. പ്രകോപനത്താലാണ് പരാമര്‍ശമെങ്കില്‍ ജോര്‍ജിന് രാഷ്ട്രീയ നേതാവായി തുടരാന്‍ അര്‍ഹതയില്ല. ഭരണഘടനാ ആശയമായ മതേതരത്വത്തെ അപകടത്തിലാക്കുന്നതാണ് പി.സി ജോര്‍ജിന്റെ പരാമര്‍ശമെന്നും കോടതി നിരീക്ഷിച്ചു. കുറ്റക്കാര്‍ക്ക് പിഴയടച്ച് രക്ഷപ്പെടാന്‍ അവസരം ഉണ്ടാകരുത്. ഇത്തരം കുറ്റങ്ങള്‍ക്കുള്ള ശിക്ഷാവിധി ഉയര്‍ത്തുന്ന കാര്യം നിയമ കമ്മീഷനും പാര്‍ലമെന്റും പരിശോധിക്കണമെന്നും ഉത്തരവില്‍ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.
നേരത്തെ കോട്ടയം ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി 6ന് നടന്ന ജനം ടിവി'യില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി നേതാവ് ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവന്‍ വര്‍ഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നു. മുസ്‌ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നുമാണ് ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞത്. കുഞ്ഞാലിക്കുട്ടി, കെ.ടി ജലീല്‍, എസ്ഡിപിഐ ജമാഅത്തെ ഇസ്‌ലാമി എന്നിവരെല്ലാം ചേര്‍ന്ന് പാലക്കാട് ബിജെപിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. ഈരാറ്റു പേട്ടയില്‍ മുസ്‌ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പിച്ചതെന്നും പിസി ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു.