ഹിന്ദുത്വ സംഘടനകളുടെ ഭീഷണി; ബംഗളൂരുവിലെ ഷോയും റദ്ദാക്കി, സ്റ്റാന്‍ഡ് അപ്പ് കോമഡി ഉപേക്ഷിക്കാനൊരുങ്ങി മുനവ്വര്‍ ഫാറൂഖി

ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് രണ്ടുമാസത്തിനിടെ 12ാമത്തെ ഷോയാണ് റദ്ദാക്കുന്നത്. 'വിദ്വേഷം ജയിച്ചു, കലാകാരന്‍ തോറ്റു. ഇത് പൂര്‍ത്തിയായി. വിട. അനീതി' എന്നാണ് ഷോ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഫാറൂഖി ട്വിറ്ററില്‍ നടത്തിയ പ്രതികരണം.

Update: 2021-11-28 10:24 GMT

മുംബൈ: ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖി ബംഗളൂരുവിലെ ഷോയും റദ്ദാക്കി. നവംബര്‍ 28ന് (ഞായറാഴ്ച) ബംഗളൂരു അശോക് നഗര്‍ ഏരിയയിലെ ഗുഡ് ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് രണ്ടുമാസത്തിനിടെ 12ാമത്തെ ഷോയാണ് റദ്ദാക്കുന്നത്. ഇതോടെ ഷോ സ്റ്റാന്‍ഡ് അപ്പ് കോമഡി പരിപാടി ഉപേക്ഷിക്കാനൊരുങ്ങുകയാണെന്ന് മുനവ്വര്‍ ഫാറൂഖി ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയ കുറിപ്പില്‍ സൂചന നല്‍കി. 'വിദ്വേഷം ജയിച്ചു, കലാകാരന്‍ തോറ്റു. ഇത് പൂര്‍ത്തിയായി. വിട. അനീതി' എന്നാണ് ഷോ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഫാറൂഖി ട്വിറ്ററില്‍ നടത്തിയ പ്രതികരണം.

ശനിയാഴ്ചയാണ് ബംഗളൂരു പോലിസ് പരിപാടിയുടെ സംഘാടകരോട് ഷോ റദ്ദാക്കാന്‍ ആവശ്യപ്പെട്ടത്. ജയ് ശ്രീറാം സേനയും, ഹിന്ദു ജനജാഗ്രതി സമിതിയും സോഷ്യല്‍ മീഡിയയില്‍ നടത്തിയ ഭീഷണിയുടെ വെളിച്ചത്തിലായിരുന്നു ബംഗളൂരു പോലിസിന്റെ കത്ത്. നിരവധി സംഘടനകള്‍ ഈ സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോയെ എതിര്‍ക്കുന്നു. ഇത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന കുഴപ്പങ്ങള്‍ സൃഷ്ടിക്കും. പൊതുജന സമാധാനവും സൗഹാര്‍ദവും തകര്‍ക്കുമെന്നും വിശ്വസനീയ വിവരമുണ്ട്. കൂടാതെ മറ്റ് മതങ്ങളിലെ ദൈവങ്ങളെക്കുറിച്ച് വിവാദപ്രസ്താവനകള്‍ നടത്തിയ മുനവ്വര്‍ ഫാറൂഖി വിവാദനായകനാണെന്നാണ് വിവരം.

പല സംസ്ഥാനങ്ങളും കോമഡി ഷോകള്‍ നിരോധിച്ചിട്ടുണ്ട്. മധ്യപ്രദേശ് ഇന്‍ഡോറിലെ ടുക്കോഗഞ്ച് പോലിസ് സ്റ്റേഷനില്‍ മുനവ്വറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ സമാനമായ കേസുകളും ഇയാള്‍ക്കെതിരേ പല സംസ്ഥാനങ്ങളിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലിസ് കത്തില്‍ വ്യക്തമാക്കി. പോലിസിന്റെ പ്രതികാരം ഭയന്ന് വൈകീട്ട് അഞ്ചുമണിക്ക് നിശ്ചയിച്ചിരുന്ന മുനവ്വര്‍ ഫാറൂഖിയുടെ ഷോ അനുവദിക്കില്ലെന്ന് ഓഡിറ്റോറിയം അധികൃതരും സംഘാടകരെ അറിയിച്ചു. ഇതോടെയാണ് ഞായറാഴ്ച രാവിലെ പരിപാടി റദ്ദാക്കിയതായി അറിയിച്ചത്.

Full View


600ല്‍ അധികം ടിക്കറ്റുകള്‍ വിറ്റഴിച്ച തന്റെ ഞായറാഴ്ചത്തെ ഷോയുടെ വേദി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി മുനവ്വര്‍ ഫാറൂഖി പ്രസ്താവനയില്‍ വിശദീകരിച്ചു. ഇതൊരു ചാരിറ്റബിള്‍ ഷോ ആയിരുന്നു. ഈ ഷോയുടെ മുഴുവന്‍ പണവും അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന് നല്‍കാനായിരുന്നു തീരുമാനം. എന്റെ ഷോകള്‍ റദ്ദാക്കാന്‍ ഞാന്‍ ഒരിക്കലും ചെയ്യാത്ത തമാശയുടെ പേരില്‍ എന്നെ ജയിലിലടച്ചു. അതില്‍ പ്രശ്‌നമില്ല. തനിക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുണ്ട്.

എന്നാല്‍, ഭീഷണിയെത്തുടര്‍ന്ന് രണ്ടുമാസത്തിനിടെ 12 ഷോകള്‍ റദ്ദാക്കി. ഇത് അന്യായമാണ്. മതം നോക്കാതെ ഇന്ത്യയിലെ ആളുകള്‍ ഈ ഷോയെ വളരെയധികം സ്‌നേഹിച്ചു. ഇത് അവസാനമാണെന്ന് ഞാന്‍ കരുതുന്നു. എന്റെ പേര് മുനവ്വര്‍ ഫാറൂഖി. അതായിരുന്നു എന്റെ സമയം. നിങ്ങള്‍ ഒരു മികച്ച പ്രേക്ഷകരായിരുന്നു. വിട. ഇത് പൂര്‍ത്തിയായി- മുനവ്വര്‍ ട്വിറ്ററില്‍ പറഞ്ഞു.

നേരത്തെ ഹാസ്യ പരിപാടിക്കിടെ ഹിന്ദുദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ജനുവരി ഒന്നിന് ഇന്‍ഡോര്‍ പോലിസ് മുനവ്വര്‍ ഫാറൂഖിയെ അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്ന് മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിച്ചെങ്കിലും സുപ്രിംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Tags:    

Similar News