'ഡല്‍ഹി പോലിസിന് നട്ടെല്ലില്ല'; മുനവര്‍ ഫാറൂഖിയുടെ ഷോ റാദ്ദാക്കിയതിനെതിരേ മഹുവ മൊയ്ത്ര

Update: 2022-08-27 07:19 GMT

ന്യൂഡല്‍ഹി: ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് പ്രമുഖ സ്റ്റാന്റ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ പരിപാടിക്ക് ഡല്‍ഹി പോലിസ് അനുമതി നിഷേധിച്ചതിനെതിരേ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര എംപി.

വിശ്വ ഹിന്ദു പരിഷത്ത് ഭീഷണിപ്പെടുത്തി, നട്ടെല്ലില്ലാത്ത ഡല്‍ഹി പോലിസ് മുനവര്‍ ഫാറൂഖിയുടെ പരിപാടി റദ്ദാക്കി എന്ന് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

'വിഎച്ച്പി ഭീഷണിപ്പെടുത്തി, നട്ടെല്ലില്ലാത്ത ഡല്‍ഹി പോലിസ് റാദ്ദാക്കി.

ഗാന്ധിജി പറഞ്ഞു, 'എന്റെ വീടിന് എല്ലാ വശങ്ങളിലും മതിലുകള്‍ സ്ഥാപിക്കാനും എന്റെ ജനാലകള്‍ അടച്ചിടാനും ഞാന്‍ ആഗ്രഹിക്കുന്നില്ല.'

കോമഡി ഷോയാല്‍ തകര്‍ക്കപ്പെടുന്ന അത്ര ദുര്‍ബലമാണോ, ഇന്ത്യ@75ന്റെ സാമുദായിക സൗഹാര്‍ദം?.' മഹുവ ചോദിച്ചു.

പരിപാടിക്കെതിരെ വിഎച്ച്പി ഡല്‍ഹി പോലിസിന് കത്തെഴുതിയതിനെ തുടര്‍ന്നാണ് ഡല്‍ഹി പൊലീസിന്റെ ലൈസന്‍സിങ് യൂണിറ്റ് അനുമതി നിഷേധിച്ചത്. മുനവര്‍ ഫാറൂഖിയുടെ ഷോ പ്രദേശത്തെ സാമുദായിക സൗഹാര്‍ദത്തെ ബാധിക്കുമെന്ന് കാണിച്ച് സെന്‍ട്രല്‍ ജില്ലാ പോലിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ആഗസ്ത് 28ന് ഡല്‍ഹിയിലെ കേദാര്‍നാഥ് സാഹ്നി ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന പരിപാടിക്കാണ് അനുമതി നിഷേധിച്ചത്. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച മുനവര്‍ ഫാറൂഖിയുടെ പരിപാടിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് വിഎച്ച്പിയും ഹിന്ദുസേനയും ഡല്‍ഹി പോലിസ് കമ്മീഷണര്‍ക്കും ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനും കത്ത് നല്‍കിയിതിനെ തുടര്‍ന്നാണ് നടപടി.

പരിപാടി സാമുദായിക സൗഹാര്‍ദം തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്ന് ഡല്‍ഹി പോലിസ് ജോയിന്റ് കമീഷണര്‍ ഒ പി മിശ്ര പറഞ്ഞു.വിശ്വ ഹിന്ദു പരിഷത്, ഹിന്ദുസേന എന്നീ സംഘടനകളാണ് പരാതിയുമായി രംഗത്തെത്തിയത്.ഹിന്ദു ദൈവങ്ങളെ കുറിച്ചുള്ള ഫാറൂഖിയുടെ പരിഹാസങ്ങള്‍ സാമുദായിക സംഘര്‍ഷത്തിന് വഴിവെക്കുമെന്നാണ് പരാതിയില്‍ പറയുന്നത്. പരിപാടി റദ്ദാക്കാത്ത പക്ഷം വിഎച്ച്പിയും ബജ്‌റംഗ്ദളും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

തെലങ്കാന ബിജെപി നേതാവ് ടി രാജ സിംഗിനെ സസ്‌പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള രാഷ്ട്രീയ സ്തംഭനത്തിലേക്ക് ഹൈദരാബാദില്‍ അടുത്തിടെ നടത്തിയ ഷോ നയിച്ചതോടെ മുനവര്‍ ഫാറൂഖി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ആഗസ്ത് 20ന് മുനവര്‍ ഫാറൂഖിയുടെ ഹൈദരാബാദ് ഷോയ്ക്ക് മുന്നോടിയായി, മുനവറിന് ഹൈദരാബാദില്‍ ഷോ അനുവദിച്ചാല്‍ വേദി കത്തിക്കുമെന്ന് ബിജെപി നേതാവ് മുന്നറിയിപ്പ് നല്‍കി. മുനാവറിന്റെ 'ഡോംഗ്രി ടു നോവേര്‍' കനത്ത സുരക്ഷയ്ക്കിടയില്‍ സമാധാനപരമായി നടന്നപ്പോള്‍, അടുത്ത ദിവസം രാജ സിംഗ് ഒരു വീഡിയോ പുറത്തുവിട്ടു, അതില്‍ അദ്ദേഹം പ്രവാചകനെ നിന്ദിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തി. ഇത് ഹൈദരാബാദില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ചൊവ്വാഴ്ച, അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ജാമ്യം നേടി. ഹിന്ദുക്കളെ അപമാനിച്ചതിന് അതേ ഭാഷയില്‍ മറുപടി നല്‍കുമെന്ന് പറഞ്ഞ് മറ്റൊരു വീഡിയോ പുറത്തുവിട്ടു. അതിനിടെ പ്രവാചകനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി രാജ സിംഗിനെ സസ്‌പെന്‍ഡ് ചെയ്തു.

Tags:    

Similar News