ലോക്‌സഭയില്‍നിന്ന് പുറത്താക്കല്‍: മഹുവ മൊയ്ത്ര സുപ്രിംകോടതിയെ സമീപിച്ചു

Update: 2023-12-11 10:00 GMT

ന്യൂഡല്‍ഹി: ചോദ്യത്തിനു കോഴ ആരോപണത്തില്‍ ലോക്‌സഭയില്‍ നിന്ന് എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്ന് പുറത്താക്കിയ നടപടിക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര സുപ്രിംകോടതിയെ സമീപിച്ചു. തന്നെ പുറത്താക്കാന്‍ അധികാരമില്ലെന്നും ലോക്‌സഭയില്‍ നിന്ന് തന്നെ പുറത്താക്കിയ തീരുമാനം നിയമവിരുദ്ധമാണെന്നും മഹുവ ഹരജിയില്‍ ചൂണ്ടിക്കാട്ടി. തന്റെ വാദം കേള്‍ക്കാതെ നടപടിയെടുത്തത് ഭരണഘടനാ ലംഘനമാണ്. പ്രതിപക്ഷത്തെ ഒതുക്കാനുള്ള ആയുധമായി എത്തിക്‌സ് കമ്മിറ്റി മാറുകയാണ്. എത്തിക്‌സ് കമ്മിറ്റിയും റിപോര്‍ട്ടും എല്ലാ നിയമങ്ങളും ലംഘിച്ചതായും അവര്‍ ആരോപിച്ചു. മഹുവയുടെ വാദം കേള്‍ക്കാന്‍ സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഓം ബിര്‍ല സമ്മതിച്ചില്ല. മഹുവക്ക് പാര്‍ലമെന്റില്‍ പ്രതികരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യവും അംഗീകരിച്ചില്ല.

    ലോക്‌സഭയില്‍ ചോദ്യം ഉന്നയിക്കാന്‍ വ്യവസായിയായ ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണവും പാരിതോഷികങ്ങളും മഹുവ കൈപ്പറ്റിയെന്നും അവരുടെ പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ്‌വേഡും ദുരുപയോഗം ചെയ്യപ്പെട്ടുവെന്നുമാണ് ആരോപണം. ആരോപണങ്ങള്‍ ശരിവച്ച എത്തിക്‌സ് കമ്മിറ്റി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനും ശുപാര്‍ശ ചെയ്തിരുന്നു.

Tags:    

Similar News