കോട്ടക്കല്‍ കുറ്റിപ്പുറം ആലിന്‍ചുവട് ജുമാമസ്ജിദിലെ ഇരട്ടക്കൊല; പത്ത് പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു
കേസിലെ ഒന്നു മുതല്‍ നാലു വരെയുള്ള സാക്ഷികളുടെ മൊഴികള്‍ ഒട്ടും വിശ്വാസ്യയോഗ്യമല്ലെന്ന് അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി പറഞ്ഞു. ഇവരുടെ മൊഴികള്‍ കൊണ്ട് പള്ളിയില്‍ നടന്ന സംഭവം തെളിയിക്കാന്‍ സാധിക്കില്ല. സംഘര്‍ഷത്തില്‍ പ്രതികള്‍ക്കും പരിക്കേറ്റിരുന്നുവെങ്കിലും അക്കാര്യം പോലിസ് കോടതിയില്‍ നിന്നു മറച്ചുവച്ചു.
കൊച്ചി: മഞ്ചേരി കോട്ടക്കല്‍ കുറ്റിപ്പുറം ആലിന്‍ചുവട് ജുമാമസ്ജിദില്‍ സഹോദരങ്ങള്‍ കുത്തേറ്റു കൊല്ലപ്പെട്ട സംഭവത്തിലെ പത്ത് പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പത്ത് പേരെയാണ് സംശയത്തിന്റെ ആനുകൂല്യത്തില്‍ ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാറും സി പ്രദീപ് കുമാറും വെറുതെവിട്ടത്.
കോട്ടക്കലിനു സമീപം കുറ്റിപ്പുറം സ്വദേശികളായ അമരിയില്‍ അബു സുഫിയാന്‍ (50), പള്ളിപ്പുറം യൂസഫ് ഹാജി (61), മുഹമ്മദ് നവാസ് (36), ഇബ്രാഹിംകുട്ടി (41), പള്ളിപ്പുറം മുജീബ് റഹ്മാന്‍ (35), തയ്യില്‍ സൈതലവി (64), പള്ളിപ്പുറം അബ്ദു ഹാജി (59), തയ്യില്‍ മൊയ്തീന്‍കുട്ടി (66), പള്ളിപ്പുറം അബ്ദുള്‍ റഷീദ് (46), അമരിയില്‍ ബീരാന്‍ (75) എന്നിവരെയാണ് വെറുതെവിട്ടിരിക്കുന്നത്. കേസിലെ ഏഴാം പ്രതി അപ്പീല്‍ ഘട്ടത്തില്‍ മരിച്ചിരുന്നു.
2008 ആഗസ്റ്റ് 29 വെള്ളിയാഴ്ച ഉച്ചക്ക് 1.30നാണ് കേസിനാസ്പദമായ സംഭവം. സഹോദരന്‍ അഹമ്മദ്കുട്ടി എന്ന കുഞ്ഞാവ ഹാജിക്കൊപ്പം ജുമുഅ നമസ്‌ക്കാരത്തിനായി പള്ളിയിലെത്തിയതായിരുന്നു അബ്ദുവും അബൂബക്കറും. മാരകായുധവുമായി പള്ളിയിലെത്തിയ പ്രതികള്‍ ഇവരെ തടഞ്ഞു വെക്കുകയും അബ്ദുവിനെയും അബൂബക്കറിനെയും കുത്തിക്കൊന്നുവെന്നുമായിരുന്നു കേസ്. പള്ളിക്കമ്മിറ്റി അംഗങ്ങളുടെ അനുവാദമില്ലാതെ മഹല്ല് ഖാദിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലിസ് പറഞ്ഞു.
കേസിലെ ഒന്നു മുതല്‍ നാലു വരെയുള്ള സാക്ഷികളുടെ മൊഴികള്‍ ഒട്ടും വിശ്വാസ്യയോഗ്യമല്ലെന്ന് അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി പറഞ്ഞു. ഇവരുടെ മൊഴികള്‍ കൊണ്ട് പള്ളിയില്‍ നടന്ന സംഭവം തെളിയിക്കാന്‍ സാധിക്കില്ല. സംഘര്‍ഷത്തില്‍ പ്രതികള്‍ക്കും പരിക്കേറ്റിരുന്നുവെങ്കിലും അക്കാര്യം പോലിസ് കോടതിയില്‍ നിന്നു മറച്ചുവച്ചു. സംഘര്‍ഷം എങ്ങനെ ഉണ്ടായെന്നു തെളിയിക്കാന്‍ പോലിസിന് ഇതുകൊണ്ട് സാധിക്കുന്നില്ല.
സംഭവം നടന്നുവെന്ന് പറയുന്ന സമയത്ത് സംഘര്‍ഷത്തില്‍ കക്ഷികളല്ലാത്ത നിരവധി പേര്‍ പള്ളിയിലുണ്ടായിരുന്നു. എന്നാല്‍, ഇവരെ ആരെയും പോലിസ് സാക്ഷികളാക്കിയില്ല. ഇത്തരം സ്വതന്ത്രസാക്ഷികളെ കേസില്‍ ഉള്‍പ്പെടുത്താത്തത് വീഴ്ച്ചയാണ്. പള്ളിയിലെ ഖാദിയോ സെക്രട്ടറിയോ കേസില്‍ സാക്ഷികളല്ല. മാത്രമല്ല, പള്ളിയില്‍ നടന്ന ആക്രമണത്തില്‍ പ്രതികള്‍ കൗണ്ടര്‍ കേസും നല്‍കിയിരുന്നു. ഈ കേസിലെ പ്രതികളാണ് കൊലക്കേസില്‍ സാക്ഷികളായി വന്നിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍, കേസില്‍ ആരോപണവിധേയര്‍ക്ക് സംശയത്തിന്റെ ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് പത്തുപേരെയും വെറുതെവിട്ട് ഉത്തരവിറക്കിയത്. കേസില്‍ പ്രതിഭാഗത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ബി രാമന്‍പിള്ള ഹാജരായി.