സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടിസ്; തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി ഫയലില്‍ സ്വീകരിച്ചു
കൊച്ചി: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് സുരേഷ് ഗോപിയെ തിരഞ്ഞെടുത്തത് റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എ ഐ വൈ എഫ് നേതാവായ എ എസ് ബിനോയ് നല്‍കിയ ഹരജി പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് സുരേഷ് ഗോപിക്ക് നോട്ടിസ് അയച്ചു. സ്പീഡ് പോസ്റ്റില്‍ അയച്ച നോട്ടിസിന് മുന്നു ആഴ്ച്ചക്കകം മറുപടി നല്‍കണം. സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പലതരം പ്രശ്‌നങ്ങളുള്ളതായി ഹരജിക്കാരന്‍ ആരോപിക്കുന്നു.
വോട്ടെടുപ്പ് ദിനത്തില്‍ മതചിഹ്നം ഉപയോഗിച്ച് ബിജെപി, എന്‍ഡിഎ നേതാക്കള്‍ വോട്ടര്‍മാരെ സ്വാധീനിച്ചു, ശ്രീരാമന്റെ പേരുപറഞ്ഞ് വോട്ട് ചെയ്യണമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി അഭ്യര്‍ത്ഥിച്ചുവെന്നും ഹരജിയില്‍ പറയുന്നു.
മാര്‍ച്ച് 30ന് ഇരിങ്ങാലക്കുട റാണ പൂതംകുളം മൈതാനിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന സമ്മേളനത്തിലാണ് അബ്ദുള്ളക്കുട്ടി ശ്രീരാമന്റെ പേരില്‍ വോട്ടഭ്യര്‍ഥിച്ചത്. ഇതെല്ലാം സുരേഷ് ഗോപിയുടെ അറിവോടെയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.