'സുരേഷ്‌ഗോപിയെ ജയിപ്പിച്ചത് എഡിജിപി അജിത്കുമാര്‍'; പോലിസ് ഉന്നതനെതിരേ ഗുരുതര ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പി വി അന്‍വര്‍ എംഎല്‍എ

Update: 2024-08-31 06:24 GMT

മലപ്പുറം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാറിനെതിരേ അതിഗുരുതര ആരോപണങ്ങള്‍ ആവര്‍ത്തിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. മരംമുറി, ഷാജന്‍ സ്‌കറിയയെ രക്ഷിക്കാന്‍ കൈക്കൂലി തുടങ്ങിയ ആരോപണങ്ങള്‍ക്കു പിന്നാലെ പി വി അന്‍വര്‍ മറ്റൊരു ആരോപണവുമായി രംഗത്തെത്തി. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ ജയിപ്പിച്ചത് എഡിജിപി അജിത്കുമാര്‍ ആണെന്നും പൂരം അലങ്കോലമാക്കിയത് അതിനുവേണ്ടിയാണെന്നും പി വി അന്‍വര്‍ പറഞ്ഞു. പോലിസിന്റെ പൂരം കലക്കലിലൂടെയാണ് സുരേഷ് ഗോപി ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം എസ്പിയുമായുള്ള പി വി അന്‍വറിന്റെ തര്‍ക്കമാണ് ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീളുന്നത്. നിലവിലുള്ള എസ് പി എസ് ശശിധരനെതിരേ പൊതുവേദിയില്‍ പ്രസംഗിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. എസ് പി ഓഫിസ് കോംപൗണ്ടിലെ മരംമുറി വിവാദത്തില്‍ നടപടി ആവശ്യപ്പെട്ടപ്പോഴും എസ്പിയുടെ ഓഫിസിലേക്കെത്തിയ അന്‍വറിനെ തടഞ്ഞതും പിന്നീട് കുത്തിയിരിപ്പ് സമരം നടത്തിയതുമെല്ലാം വിവാദങ്ങളില്‍ വഴിത്തിരിവായി. ഇതിനിടെയാണ്, മലപ്പുറം മുന്‍ എസ് പി സുജിത് ദാസുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത്. അജിത് കുമാറിന്റെ വഴിവിട്ട നീക്കങ്ങളെ കുറിച്ചുള്ള അനുഭവങ്ങളാണ് സംഭാഷണത്തില്‍ വ്യക്തമാക്കുന്നത്. എം ആര്‍ അജിത്കുമാര്‍ സര്‍വശക്തനാണെന്നും പൊളിറ്റിക്കല്‍ സെക്രട്ടറി ശശിധരനുമായുള്ള ഏറെ അടുപ്പമുണ്ടെന്നും എസ് പി സുജിത് ദാസ് പറയുന്നുണ്ട്. നേരത്തേ, മലപ്പുറം ജില്ലയില്‍ അനാവശ്യമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചു, താനൂര്‍ താമിര്‍ ജിഫ്രി കസ്റ്റഡി കൊല തുടങ്ങിയ വിഷയങ്ങളിലെല്ലാം വിവാദനായകനായ മുന്‍ എസ് പി സുജിത് ദാസ്, മരംമുറി പരാതി പിന്‍വലിക്കാന്‍ അപേക്ഷിക്കുന്നതാണ് ഓഡിയോയിലുള്ളത്. ഇതിനുപുറമെ, മുറനാടന്‍ മലയാളി ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ രക്ഷിക്കാന്‍ കൈക്കൂലി വാങ്ങിയെന്നും രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നും സംഭാഷണത്തില്‍ പറയുന്നുണ്ടായിരുന്നു.

Tags:    

Similar News