ലോക്ക്ഡൗണ്‍ ലംഘിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുടെ മകന്റെ വിവാഹം

Update: 2020-04-17 10:11 GMT

ബംഗളൂരു: കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് രണ്ടാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ കര്‍ണാടകമുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്റെ വിവാഹം നടത്തിയത് വിവാദത്തില്‍. മുന്‍ മുഖ്യന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനും ചലച്ചിത്ര താരവുമായ നിഖില്‍ കുമാരസ്വാമിയാണ് വിവാഹിതനായത്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം കൃഷ്ണപ്പയുടെ ബന്ധു രേവതിയാണ് വധു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഫാംഹൗസിലേക്ക് കുമാരസ്വാമി വിവാഹം മാറ്റിയിരുന്നു. എന്നാല്‍, നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് കുമാരസ്വാമി പറഞ്ഞിരുന്നെങ്കിലും മുഖാവരണം ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെയാണ് വിവാഹമെന്ന് ചിത്രങ്ങളില്‍ നിന്നു വ്യക്തമാവുന്നുണ്ട്. ചടങ്ങില്‍ നൂറോളം പേര്‍ പങ്കെടുത്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. കുമാരസ്വാമിയുടെ രമണനഗരയിലുള്ള ഫാംഹൗസിലായിരുന്നു വിവാഹം. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കുടുംബത്തില്‍ നിന്ന് 50, 60 പേരും രേവതിയുടെ കുടുംബത്തില്‍ നിന്ന് 30 പേരുമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.

    നേരത്തേ, വിവാഹചടങ്ങ് സര്‍ക്കാര്‍ നിരീക്ഷിക്കുമെന്നും ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ നടപടിയെടുക്കുമെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തേ വലിയ രീതിയില്‍ വിവാഹം നടത്താനായിരുന്നു കുമാരസ്വാമിയുടെ കുടുംബം പദ്ധതിയിട്ടിരുന്നത്. അഞ്ചുലക്ഷത്തിലേറെ പേര്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്നായിരുന്നു നിഗമനം. എന്നാല്‍, കൊവിഡ് വ്യാപകമായതോടെ ഫാം ഹൗസിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.


Tags:    

Similar News