ബംഗളൂരു: ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവിലെ സ്വകാര്യാശുപത്രിയിലാണ് ചികില്‍സ തേടിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മഅ്ദനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം എംആര്‍ഐ, ഇസിജി പരിശോധന നടക്കുകയാണെന്നും പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസവും മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
റമദാന്‍ നോമ്പുതുറയോടനുബന്ധിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കവെ ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് ആരോഗ്യനില മോശമായത്. തുടര്‍ന്ന് അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ എംആര്‍ഐ പരിശോധനയിലടക്കം പക്ഷാഘാതം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പക്ഷാഘാതം ബാധിച്ചില്ലെങ്കിലും ദീര്‍ഘനാളായി നിരവധി രോഗങ്ങള്‍ക്ക് ചികില്‍സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.
തുടര്‍ന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ചികില്‍സയിലായിരുന്നു. ഏപ്രില്‍ 14നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. അന്ന് ആശുപത്രി വിട്ട മഅ്ദനിക്ക് ഫിസിയോതെറാപ്പി ചികില്‍സ, സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കിയുള്ള പരിപൂര്‍ണ വിശ്രമം, ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടങ്ങി കര്‍ശനമായ നിര്‍ദേശങ്ങളാണ് ഡോക്ടര്‍മാര്‍ നല്‍കിയിരുന്നത്.