ശരീരഭാരം ക്രമാതീതമായി കുറയുന്നു; മഅ്ദനിയുടെ ആരോഗ്യനില ആശങ്കാജനകം -കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് പിഡിപി

ശരീരത്തില്‍ അസഹ്യമായ രീതിയില്‍ തണുപ്പും വിറയലും അനുഭവപ്പെടുന്നതായി മഅ്ദനി പറഞ്ഞു. കഴിഞ്ഞ ദിവസം വിചാരണ നടപടിക്രമങ്ങള്‍ക്കിടയില്‍ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ബംഗ്ലൂരുവിലെ സൗഖ്യ ഹോസ്പിറ്റലില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Update: 2019-09-18 13:42 GMT

പി സി അബ്ദുല്ല

ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബദുല്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് പിഡിപി കേന്ദ്രകമ്മിറ്റി ആവിശ്യപ്പെട്ടു. മുമ്പ് ഉണ്ടായിരുന്ന പല അസുഖങ്ങള്‍ മൂര്‍ഛിക്കുകയും ശരീരത്തിന്റെ പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കുകയും ചെയ്തിട്ടുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. അനിയന്ത്രിതമായി തുടരുന്ന വിവിധ രോഗങ്ങള്‍ മൂലം ശരീരഭാരം വളരെ കുറഞ്ഞു 44 കിലോയിലെത്തി നില്‍ക്കുകയാണ്.

ശരീരത്തില്‍ അസഹ്യമായ രീതിയില്‍ തണുപ്പും വിറയലും അനുഭവപ്പെടുന്നു. കഴിഞ്ഞ ദിവസം വിചാരണ നടപടിക്രമങ്ങള്‍ക്കിടയില്‍ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ബംഗ്ലൂരുവിലെ സൗഖ്യ ഹോസ്പിറ്റലില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിചാരണ നടപടിക്രമങ്ങള്‍ അനന്തമായി നീളുന്നത് മൂലം വിദഗ്ധ ചികിത്സ തേടുന്നതിനുള്ള സാഹചര്യങ്ങള്‍ പലപ്പോഴും തടസ്സപ്പെടുന്നു. നേരത്തെ മഅ്ദനിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ച വേളയില്‍ വിചാരണ നാല് മാസിത്തിനകം പൂര്‍ത്തിയാക്കമെന്ന് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.

കേസിലെ മറ്റ് പ്രതികളുടെ ജാമ്യാപേക്ഷ വേളയില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ബംഗ്ലൂരു ഹൈക്കോടതി നിര്‍ദേശിച്ച സമയപരിധിയും കഴിഞ്ഞിരിക്കുന്നു. മഅ്ദനിയോട് കര്‍ണാടകത്തിലെ വിവിധ സര്‍ക്കാരുകള്‍ ക്രൂരമായാണ് പെരുമാറുന്നത്. മഅ്ദനിയുമായി ബന്ധപ്പെട്ട കേസുകളില്‍ നിരവധി തവണ കോടതികളില്‍ നിന്ന് കര്‍ണാടകത്തിലെ സര്‍ക്കാറുകള്‍ക്ക് വിമര്‍ശനം ഏറ്റ് വാങ്ങേണ്ടി വന്നിട്ടും ഈ സ്ഥിതി തുടരുകയാണ്. സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയും ആരോഗ്യസ്ഥിതി അനുദിനം വഷളാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് വിചാരണ പൂര്‍ത്തിയാക്കുന്നതിനുള്ള ശ്രമങ്ങള്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും ഭാഗത്ത് നിന്നുണ്ടാകണമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് ആവിശ്യപ്പെട്ടു.

Tags:    

Similar News