നിര്‍മലാ സീതാരാമന് ദേഹാസ്വാസ്ഥ്യം: ബജറ്റ് പൂര്‍ണമായി അവതരിപ്പിച്ചില്ല

രണ്ട് പേജ് ബാക്കി നില്‍ക്കേയാണ് ബജറ്റവതരണം അവസാനിപ്പിക്കുന്നതായി അവര്‍ വ്യക്തമാക്കിയത്.

Update: 2020-02-01 08:55 GMT

ന്യൂഡല്‍ഹി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന് ബജറ്റവതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. രണ്ട് പേജ് ബാക്കി നില്‍ക്കേയാണ് ബജറ്റവതരണം അവസാനിപ്പിക്കുന്നതായി അവര്‍ വ്യക്തമാക്കിയത്.രണ്ട് മണിക്കൂര്‍ നാല്‍പ്പത് മിനിറ്റ് നീണ്ട ശേഷമാണ് അവര്‍ ബജറ്റവതരണം നിര്‍ത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട ബജറ്റ് പ്രസംഗങ്ങളിലൊന്നാണിത്.

ആദായനികുതിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ച ശേഷം, അടുത്ത മേഖലയിലേക്ക് കടക്കാനിരിക്കെയാണ് അവര്‍ പ്രസംഗം അവസാനിപ്പിച്ചത്.

തുടര്‍ന്ന് നെറ്റിയില്‍ വിരലമര്‍ത്തി അല്‍പസമയം അവര്‍ നിന്നു. ഉടന്‍ സഭാ സ്റ്റാഫ് എത്തി കുടിക്കാന്‍ വെള്ളം നല്‍കി. അല്‍പസമയം അവര്‍ സംസാരിക്കാതെ നിന്നു. ഇരുന്ന് ബജറ്റവതരിപ്പിക്കണോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും നിര്‍മലാ സീതാരാമനോട് ചോദിച്ചു. വേണ്ട എന്നറിയിച്ച് അല്‍പസമയം കൂടി അവര്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.തുടര്‍ന്ന് രണ്ട് പേജ് ബാക്കി നില്‍ക്കേ, അവര്‍ ബജറ്റവതരണം അവസാനിപ്പിച്ചു. ബാക്കിയുള്ളവ രേഖകളില്‍ തന്നെ നിലനില്‍ക്കുമെന്നും അംഗങ്ങള്‍ക്ക് വായിച്ച് മനസ്സിലാക്കാമെന്നും സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു.

ആദായനികുതി ഘടനയില്‍ത്തന്നെ സമഗ്രമായ മാറ്റം വരുത്തുന്നതാണ് നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച ബജറ്റ്. കാളിദാസന്റെയും അവ്വൈയാറിന്റെയും പണ്ഡിറ്റ് ദീനാ നാഥ് കൗളിന്റെയും കവിതകളടക്കം ചൊല്ലി ദീര്‍ഘമായ പ്രസംഗമാണ് നിര്‍മലാ സീതാരാമന്‍ നടത്തിയത്.

Tags:    

Similar News