കേന്ദ്രവിഹിതത്തിലെ കാലതാമസം; കേരളത്തെ കുറ്റപ്പെടുത്തി ധനമന്ത്രി നിര്‍മലാ സീതാരാമന്‍
തിരുവനന്തപുരം: കേരളത്തിനുള്ള കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുകയും കാലതാമസം വരുത്തുകയും ചെയ്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ ന്യായീകരിച്ചും സംസ്ഥാനസര്‍ക്കാരിനെ കുറ്റപ്പെടുത്തിയും ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേന്ദ്രവിഹിതത്തിന് കേരളം കൃത്യമായ പ്രപ്പോസല്‍ നല്‍കിയില്ലെന്നും രണ്ടുതവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ആറ്റിങ്ങലില്‍ വായ്പാ വ്യാപന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 6015 കോടിയുടെ വായ്പ സഹായമാണ് തലസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണമാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നല്‍കിയില്ല. കേന്ദ്ര വിഹിതങ്ങള്‍ കിട്ടിയശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം വിധവ-വാര്‍ധക്യ പെന്‍ഷനുകള്‍ക്ക് ആവശ്യമായ തുക നല്‍കുന്നില്ല എന്നാണ് പ്രചാരണം. എല്ലാ സംസ്ഥാനങ്ങള്‍ക്കും കൃത്യമായ സമയത്ത് പണം നല്‍കുന്നുണ്ട്. ഒക്ടോബര്‍ വരെയുള്ള എല്ലാ അപേക്ഷകള്‍ക്കും ഉള്ള തുക നല്‍കിയിട്ടുണ്ട്. അതിനുശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. ഇക്കാര്യം പറയുന്നത് യഥാര്‍ത്ഥ വസ്തുത ജനങ്ങള്‍ അറിയാനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.