ക്രിപ്‌റ്റോ കറന്‍സി: നിയമാനുസൃതമാക്കുമോ നിരോധിക്കുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് നിര്‍മ്മല സീതാരാമന്‍

അക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ബന്ധപ്പെട്ടവരുമായി നടത്തുന്ന കൂടിയാലോചനകളിലെ അഭിപ്രായങ്ങള്‍ പരിഗണിച്ചായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Update: 2022-02-11 15:06 GMT

ന്യൂഡല്‍ഹി: ക്രിപ്‌റ്റൊകറന്‍സി ഇടപാടിലൂടെ ഉണ്ടാക്കുന്ന ലാഭത്തിന് നികുതി ഈടാക്കാന്‍ സര്‍ക്കാറിന് പരമാധികാരമുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ക്രിപ്‌റ്റൊകറന്‍സി നിയമാനുസൃതമാക്കുമെന്നോ നിരോധിക്കുമെന്നോ ഇപ്പോള്‍ പറയുന്നില്ല. അക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ബന്ധപ്പെട്ടവരുമായി നടത്തുന്ന കൂടിയാലോചനകളിലെ അഭിപ്രായങ്ങള്‍ പരിഗണിച്ചായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യസഭയില്‍ ബജറ്റ് ചര്‍ച്ച ഉപസംഹരിക്കുകയായിരുന്നു ധനമന്ത്രി. റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ രൂപ പുറത്തിറക്കുമെന്നും മറ്റ് സ്വകാര്യ ഡിജിറ്റല്‍ ആസ്തികളില്‍നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഈടാക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞിരുന്നു. 10,000 രൂപക്കു മുകളിലുള്ള വെര്‍ച്വല്‍ കറന്‍സി ഇടപാടുകള്‍ക്ക് ഒരു ശതമാനം നികുതി, സ്രോതസ്സില്‍ നിന്ന് (ടി.ഡി.എസ്) ഈടാക്കും.

കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാമ്പത്തികരംഗത്ത് സ്ഥിരത കൊണ്ടുവരുന്നതാണ് പുതിയ ബജറ്റെന്ന് ധനമന്ത്രി വാദിച്ചു. പൊതുപദ്ധതികളിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ബജറ്റില്‍ ശ്രദ്ധിച്ചിട്ടുണ്ട്. രാജ്യത്ത് വിലക്കയറ്റമാണെന്ന വിമര്‍ശനം ധനമന്ത്രി തള്ളിക്കളഞ്ഞു. സമ്പദ് രംഗത്തുനിന്ന് 9.57 ലക്ഷം കോടി രൂപ മഹാമാരി ഒഴുക്കിക്കൊണ്ടുപോയിട്ടും നാണ്യപ്പെരുപ്പം ആറു ശതമാനം മാത്രമാണ്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തേക്കാള്‍ കുറഞ്ഞ പരിക്കു മാത്രമാണ് കൊവിഡ് കാലത്ത് ഉണ്ടായതെന്നും മന്ത്രി അവകാശപ്പെട്ടു.

Tags:    

Similar News