തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കനത്തതോടെ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശൂര്‍, തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് ചൂട് കുത്തനെ ഉയരുന്നത്. ഇവിടങ്ങളില്‍ സാധാരണ അനുഭവപ്പെടുന്നതിനെക്കാള്‍ രണ്ടുമുതല്‍ നാല് ഡിഗ്രിവരെ ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം ജില്ലകളില്‍ ചൂട് 39 ഡിഗ്രി കഴിഞ്ഞു. പാലക്കാട് ചൊവ്വാഴ്ച 39.1 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. മറ്റ് ജില്ലകളിലും ചൂട് 38 ഡിഗ്രിയോട് അടുത്തിട്ടുണ്ട്. അതിനിടെ, 20നു ശേഷം ചില ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.