ഡല്‍ഹി, പഞ്ചാബ്, യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ അടുത്ത രണ്ടുദിവസത്തേയ്ക്ക് ഉഷ്ണതരംഗ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഡല്‍ഹി, ഹരിയാന, വടക്കന്‍ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ചണ്ഡിഗഢ്, വടക്കുപടിഞ്ഞാറന്‍ മധ്യപ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാകിസ്താനില്‍നിന്നും ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്തേക്ക് വീശിയടിക്കുന്ന കാറ്റുമൂലം രാജ്യത്ത് അടുത്ത രണ്ടുദിവസത്തോളം ഉഷ്ണതരംഗം രൂപപ്പെടുമെന്നാണ് റിപോര്‍ട്ട്. പരമാവധി താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാവുമ്പോഴാണ് 'ഉഷ്ണതരംഗം' മുന്നറിയിപ്പ് നല്‍കുന്നത്.
സാധാരണ താപനിലയില്‍നിന്ന് 6.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണെങ്കില്‍ 'കടുത്ത' ഉഷ്ണതരംഗം പ്രഖ്യാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. ഡല്‍ഹിയില്‍ സാധാരണയായി ജൂണ്‍ 20 വരെയുള്ള സമയത്താണ് ഉഷ്ണതരംഗമുണ്ടാവാറുള്ളത്. പ്രദേശങ്ങളില്‍ ചൂട് വര്‍ധിക്കുന്നത് മണ്‍സൂണ്‍ വൈകുമെന്ന സൂചനയാണ് നല്‍കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥന്‍ കുല്‍ദീപ ശ്രീവാസ്തവ അറിയിച്ചു.
ജൂലൈ ഏഴിന് മുമ്പ് രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, എന്നിവിടങ്ങളില്‍ മണ്‍സൂണ്‍ ഉണ്ടായേക്കുമെന്ന് നേരത്തേ ഇറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. 43-44 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇപ്പോള്‍ രാജ്യതലസ്ഥാനത്ത് അനുഭവപ്പെടുന്ന ചൂട്. അതേസമയം, ചില സംസ്ഥാനങ്ങളില്‍ ഉഷ്ണവാതമുണ്ടാവുമെന്നും സൂചനയുണ്ട്. ചൊവ്വാഴ്ച ഡല്‍ഹിയില്‍ ഈ വര്‍ഷത്തെ ആദ്യത്തെ കടുത്ത താപതരംഗത്തിന് സാക്ഷ്യം വഹിച്ചു.