ആന്ധ്രപ്രദേശിലും തെലങ്കാനയിലും കനത്ത മഴയും വെള്ളപ്പൊക്കവും; 35 മരണം; രണ്ട് ദിവസത്തേക്ക് പൊതുഅവധി

കഴിഞ്ഞ 48 മണിക്കൂറായി സംസ്ഥാനത്ത് മഴ തുടരുകയാണ്.

Update: 2020-10-15 11:20 GMT

ഹൈദരാബാദ്: ആന്ധ്രപ്രദേശിലും തെലങ്കാനയിലും കനത്ത മഴ തുടര്‍ന്നു. ഹൈദരാബാദില്‍ മാത്രം 18 മരണം റിപോര്‍ട്ട് ചെയ്തു. നഗരം പൂര്‍ണ്ണമായി വെള്ളത്തിലാണ്. മതിലുകളും വീടും തകര്‍ന്നാണ് മരണങ്ങളില്‍ അധികവും. ആയിരക്കണക്കിന് വീടുകളില്‍ വെള്ളം കയറി. സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ഉന്നത തല യോഗം വിളിച്ച് ചേര്‍ത്തു. ആന്ധ്ര പ്രദേശം മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ജില്ലാ കലക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തി.

വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വാകര്യ സ്ഥാപനങ്ങളും ഉള്‍പ്പെടെ വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറായി സംസ്ഥാനത്ത് മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനിടയിലായി.നിരവധി വീടുകളില്‍ വെള്ളം കയറുകയും ഗതാഗതം താറുമാറാവുകയും ചെയ്തു. വൈദ്യുതി പോസ്റ്റുകളും മരങ്ങളുമടക്കം കടപുഴകി വീണു. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നിരവധി വാഹനങ്ങളും ഒഴുക്കില്‍പ്പെട്ടു.

ഇന്നലെ മാത്രം സംസ്ഥാനങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് 25 പേരാണ് മരിച്ചത്. മഴയില്‍ ഇതുവരെ 35 മരണങ്ങളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തത്. തെലങ്കാനയില്‍ 15 പേരും ആന്ധ്രയില്‍ 10 പേരുമാണ് മരിച്ചത്. ഇന്നലെ ഹൈദരാബാദില്‍ മതില്‍ ഇടിഞ്ഞ് വീണ് ഒമ്പത് പേര്‍ മരിച്ചിരുന്നു. ബണ്ടല്‍ഗുഡയിലെ പാലസ് വ്യൂ കോളനിയില്‍ വെള്ളപ്പൊക്കം കണ്ട് കൊണ്ട് നിന്ന ഒരു കുടുംബത്തിലെ 8 പേര്‍ ഒലിച്ച് പോയി. രണ്ട് പേരുടെ മൃതദേഹം തിരച്ചിലില്‍ കണ്ടെത്തി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദമാണ് തെലങ്കാനയിലും ആന്ധ്രയിലും മറ്റ് ഭാഗങ്ങളിലും അതിശക്തമായ മഴക്ക് കാരണം.




Tags:    

Similar News