ചെല്ലാനം മേഖലയില്‍ കടലാക്രമണം രൂക്ഷമാകുന്നു;വീടുകള്‍ തകര്‍ന്നു

ചെല്ലാനം പഞ്ചായത്തിലെ കമ്പനിപ്പടി,ബസാര്‍ അടക്കം ഭുരിഭാഗം പ്രദേശങ്ങളിലും രൂക്ഷമായ കടലാക്രമണമാണ് തുടരുന്നത്.ഓഖി ദുരന്തസമയത്തുണ്ടായതിനേക്കാള്‍ രൂക്ഷമായ അവസ്ഥയാണ് പ്രദേശത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു

Update: 2021-05-14 09:41 GMT

കൊച്ചി: കൊച്ചിയുടെ തീരമേഖലയായ ചെല്ലാനത്ത് കടലാക്രമണം അതിരൂക്ഷമായി തുടരന്നു.പ്രദേശത്തെ ഭൂരിഭാഗം വീടുകളും വെള്ളത്തിലായി. നിരവധി വീടുകള്‍ തകര്‍ന്നു. ചെല്ലാനം പഞ്ചായത്തിലെ കമ്പനിപ്പടി,ബസാര്‍ അടക്കം ഭുരിഭാഗം പ്രദേശങ്ങളിലും രൂക്ഷമായ കടലാക്രമണമാണ് തുടരുന്നത്.ഓഖി ദുരന്തസമയത്തുണ്ടായതിനേക്കാള്‍ രൂക്ഷമായ അവസ്ഥയാണ് പ്രദേശത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.അമ്പതിലധികം വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു.പലവീടുകളുടെയും മതിലുകള്‍ അടക്കം തകര്‍ത്തുകൊണ്ടാണ് കടല്‍വെളളം ഇരച്ചു കയറുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.ഭൂരിഭാഗം വീടുകളും വെള്ളവും ചെളിയും നിറഞ്ഞ സ്ഥിതിയിലാണ്.


ഇന്നലെ മുതല്‍ തുടങ്ങിയ കടലാക്രമണം ഇന്ന് കൂടുതല്‍ രൂക്ഷമായെന്നും പ്രദേശവാസികള്‍ പറയുന്നു.കലക്ടര്‍ ഉള്‍പ്പെടെയുളളവര്‍ ഇന്നലെ പ്രദേശം സന്ദര്‍ശിച്ചിരുന്നു.ദുരിതബാധിതതരോട് ക്യാംപുകളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടുവെങ്കിലും പലരും ഇതിനെ എതിര്‍ത്തു.താല്‍ക്കാലിക പരിഹാരമല്ല ശ്വാശതമായ പരിഹാരമാണ് തങ്ങള്‍ക്ക് വേണ്ടതെന്നാണ് ഇവരുടെ നിലപാട്.ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് തീരമേഖലകളില്‍ കടലാക്രമണം രൂക്ഷമാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വന്തം നിലയില്‍ മണല്‍ച്ചാക്കുകള്‍ നിറച്ചു മറ്റും കടലാക്രമണത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇതുകൊണ്ടൊന്നും യാതൊരു പ്രയോജവുമുണ്ടായില്ല.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നു നില്‍ക്കുന്ന പഞ്ചായത്തുകൂടിയാണ് ചെല്ലാനം.കൊവിഡ് രോഗബാധയ്ക്ക് പിന്നലെ കടാലക്രമണം കൂടി ശക്തമായതോടെ ഇരട്ടി ദുരിതമാണ് മേഖലയിലുള്ള വര്‍ നേരിടുന്നത്. കടല്‍ഭിത്തി നിര്‍മിച്ച് ചെല്ലാനം പ്രദേശത്തെ കടലാക്രമണത്തില്‍ നിന്നും സംരക്ഷിക്കണമെന്നാവശ്യമായി പ്രദേശവാസികള്‍ നാളുകളായി സമരത്തിലാണെങ്കിലും നാളിതുവരെ ഇതിനു പരിഹാരമായിട്ടില്ല.

ഓഖി ദുരന്തമുണ്ടായപ്പോഴും ഏറ്റവും അധികം നാശം സംഭവിച്ചത് ചെല്ലാനം മേഖലയിലായിരുന്നു.കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വകയിരുത്തിയെങ്കിലും അത് സംബന്ധിച്ച് പണി ആരംഭിക്കാനുള്ള നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. പ്രദേശത്തെ വരും കാല ദുരന്തങ്ങളില്‍ നിന്നും രക്ഷിക്കാന്‍ അടിയന്തരമായി കടല്‍ഭിത്തി നിര്‍മ്മിക്കണെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നിരവധി സമരം നടത്തിയെങ്കിലും വാഗ്ദാനങ്ങള്‍ നല്‍കിയതല്ലാതെ പാലിക്കപ്പെട്ടില്ലെന്നും ഇതിന്റെ പരിണിത ഫലമാണ് ഇപ്പോഴും തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Tags:    

Similar News