കാബൂള്‍: അഫ്ഗാനിസ്താന്റെ വടക്ക്, കിഴക്ക് പ്രവിശ്യകളില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പത്തുപേര്‍ മരിച്ചു. ഇതില്‍ രണ്ടുപേര്‍ കുട്ടികളാണ്. 11 പേര്‍ക്കു മഴക്കെടുതിയില്‍ പരിക്കേറ്റു. കിഴക്കന്‍ പ്രവിശ്യകളായ നന്‍ഗര്‍ഹാര്‍, നൂരിസ്താന്‍, ഘനി എന്നിവിടങ്ങളിലും വടക്കന്‍ പ്രവിശ്യയായ പര്‍വാനിലുമാണു നാശനഷ്ടം കൂടുതല്‍ റിപോര്‍ട്ട് ചെയ്തത്. നിരവധി വീടുകള്‍ തകര്‍ന്നു.
ജൂലൈ 5, ജൂലൈ 6 തിയ്യതികളില്‍ പെയ്ത കനത്ത മഴയുടെ ഫലമായി 280ലധികം വീടുകള്‍ക്കും നാല് പാലങ്ങളും എട്ട് കിലോമീറ്റര്‍ റോഡും ഉള്‍പ്പെടെ ഒമ്പത് പ്രവിശ്യകളിലുടനീളമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പ്രളയത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. നിയമങ്ങളുടെയും ഫലപ്രദമായ മുന്നറിയിപ്പ് സംവിധാനങ്ങളുടെയും അഭാവം മൂലം അണക്കെട്ടുകള്‍ യഥാര്‍ഥത്തില്‍ വെള്ളപ്പൊക്കം വര്‍ധിപ്പിക്കുകയാണെന്ന് യുഎന്‍ ഓഫിസ് ഫോര്‍ കോ-ഓഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അറിയിച്ചു.
ജൂണില്‍ രണ്ടുദിവസങ്ങളിലായുണ്ടായ കനത്ത മഴയില്‍ 19 പേര്‍ കൊല്ലപ്പെടുകയും 131 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കിഴക്കന്‍ മേഖലയില്‍ ഒരുമാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് വെള്ളപ്പൊക്കമുണ്ടാവുന്നത്. കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും ഫലമായി, നൂറിസ്താന്‍ പ്രവിശ്യയില്‍, കുനാറില്‍ നിന്ന് നൂറിസ്താന്റെ മധ്യഭാഗത്തേക്കുള്ള റോഡ് ഗതാഗതത്തിനായി തടഞ്ഞിരിക്കുകയാണെന്ന് രാജ്യത്തെ പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.