അമ്മ കുഴിച്ചിട്ട നവജാത ശിശുവിനെ രക്ഷപ്പെടുത്തിയത് നായ
പ്രസവം പുറത്തറിയുമെന്ന ഭയമാണ് 15കാരിയെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും പെണ്‍കുട്ടി കുറ്റം സമ്മതിച്ചതായും പോലിസ് ഓഫിസറായ പനുവാത് ഉട്കം പറഞ്ഞു
ബാങ്കോക്ക്: പ്രസവിച്ചയുടനെ അമ്മ കുഴിച്ചിട്ട നവജാത ശിശുവിനെ രക്ഷപ്പെടുത്തി താരമായി മാറിയിരിക്കുകയാണ് പിങ് പോങ് എന്ന നായ. തായ്‌ലന്റിലെ വടക്കുകിഴക്കന്‍ മേഖലയില്‍ റച്ചാസിമ പ്രവിശ്യയിലാണ് സംഭവം.
അവിവാഹിതയായ 15 കാരിയായ പെണ്‍കുട്ടിയാണ് പ്രസവിച്ചയുടെ ആണ്‍കുട്ടിയായ ചോരക്കുഞ്ഞിനെ വയലില്‍ കുഴിച്ചിട്ടത്. പ്രസവം പുറത്തറിയാതിരിക്കാനായിരുന്നു ഇത്. എന്നാല്‍ മണ്ണിനടിയില്‍ നിന്നും ഇളക്കം ശ്രദ്ധിച്ച പിങ്‌പോങ് നിര്‍ത്താതെ കുരക്കുകയും തന്റെ ഉടമയെ കുഞ്ഞിനടുത്തേക്കു കൊണ്ടുവരികയുമായിരുന്നു. തന്റെ അടുത്തെത്തിയ നായ വസ്ത്രത്തില്‍ കടിച്ച് വലിച്ചു കുഞ്ഞിനെ കുഴിച്ചിട്ടിടത്തേക്കു തന്നെ വലിച്ചു കൊണ്ടുവരികയായിരുന്നുവെന്നു ഉടമ പറഞ്ഞു. മണ്ണിനടിയിലുള്ള കുഞ്ഞിനെ തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്നും എന്നാല്‍ കുഞ്ഞിനെ പുറത്തെടുക്കും വരെ ചുറ്റുപാടും മാന്തി കാണിച്ചതിനെ തുടര്‍ന്നാണു മണ്ണു മാറ്റി നോക്കിയതും കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞതെന്നും ഉടമ വ്യക്തമാക്കി.
പ്രസവം പുറത്തറിയുമെന്ന ഭയമാണ് 15കാരിയെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും പെണ്‍കുട്ടി കുറ്റം സമ്മതിച്ചതായും പോലിസ് ഓഫിസറായ പനുവാത് ഉട്കം പറഞ്ഞു.
പിങ്‌പോങിന്റെ ഉടമ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് സുഖമായിരിക്കുന്നതായും കുഞ്ഞിനു പേരിടാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.