ഒടുവില്‍ അയഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം; ജി23 സംഘവുമായി ചര്‍ച്ചയ്ക്ക്

തിരുത്തല്‍വാദികള്‍ക്ക് നേതൃത്വം നല്‍കുന്ന ഗുലാം നബി ആസാദ് ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.

Update: 2022-03-18 03:12 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യവുമായി മുന്നോട്ട് പോവുന്ന ജി23 സംഘവുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങി ഹൈകമാന്‍ഡ്. തിരുത്തല്‍വാദികള്‍ക്ക് നേതൃത്വം നല്‍കുന്ന ഗുലാം നബി ആസാദ് ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.

അതോടൊപ്പം വിമതരുമായി സംഭാഷണം നടത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഹൈകമാന്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രി ആസാദിന്റെ വസതിയില്‍ ഒത്തുകൂടിയ തിരുത്തല്‍വാദികള്‍ വ്യാഴാഴ്ച വീണ്ടും വിവിധ സമയങ്ങളിലായി യോഗം ചേര്‍ന്നു. പാര്‍ട്ടിയെ പിളര്‍ത്തുകയല്ല, പുനരുജ്ജീവിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നേതൃത്വത്തെ അറിയിക്കാനാണ് തിരുത്തല്‍സംഘം തീരുമാനിച്ചത്. ഇന്ത്യയെന്ന ആശയം നിലനില്‍ക്കുന്നതിന് ശക്തമായ കോണ്‍ഗ്രസ് ആവശ്യമാണെന്ന് സംഘം ഹൈകമാന്‍ഡിനെ ധരിപ്പിക്കും. അതേസമയം, തിരുത്തല്‍വാദി യോഗത്തില്‍ ആദ്യമായി പങ്കെടുത്ത ഹരിയാന മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍സിങ് ഹൂഡ, രാഹുല്‍ ഗാന്ധിയെ കണ്ടു. ഹരിയാനയിലെ സംഘടന കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് വിശദീകരണം.

പിസിസി അധ്യക്ഷ സ്ഥാനം നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തയായ ഷെല്‍ജ കുമാരിക്ക് വിട്ടുകൊടുത്തതില്‍ ഹൂഡക്കും മകനും അമര്‍ഷമുണ്ട്. അക്കാര്യങ്ങള്‍ക്കു പുറമെ, നെഹ്‌റു കുടുംബത്തിന്റെ നേതൃത്വം ജി23 ചോദ്യം ചെയ്യുന്നില്ലെന്ന സന്ദേശവും ഹൂഡ കൈമാറി.

സോണിയയോടല്ല, ഉത്തരവാദിത്തം ഏറ്റെടുക്കാതെ അനിശ്ചിതാവസ്ഥ പെരുപ്പിക്കുന്ന രാഹുല്‍ ഗാന്ധിയുടെ രീതികളിലാണ് എതിര്‍പ്പ്. കൂട്ടായ തീരുമാനവും കൂട്ടായ നേതൃത്വവുമാണ് വേണ്ടത്. രാഹുല്‍ ഗാന്ധി സ്വയം കാര്യങ്ങള്‍ തീരുമാനിച്ച് പിഴവുകള്‍ വരുത്തുന്നത് അംഗീകരിക്കാനാകില്ല. എല്ലാവരെയും ഉള്‍ച്ചേര്‍ത്ത നേതൃത്വം വരണം. സമാന മനസ്‌കരായ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് അടുത്ത തിരഞ്ഞെടുപ്പിന് ഒരുങ്ങണം. യോഗത്തിന്റെ ഈ പൊതുവികാരം ഗുലാംനബി സോണിയയെ നേരില്‍കണ്ട് അറിയിക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Tags:    

Similar News