ജംബോ കമ്മിറ്റി വേണ്ട, പ്രവര്‍ത്തിക്കുന്നവര്‍ മതി; മുന്നറിയിപ്പുമായി ഹൈക്കമാന്റ്
കെപിസിസി ഭാരവാഹികളുടെ കരട് പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളി. ജംബോ ഭാരവാഹി പട്ടിക അംഗീകരിക്കാനാവില്ലെന്ന് ഹൈക്കമാന്‍ഡ് കെപിസിസി നേതൃത്വത്തെ അറിയിച്ചു.
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ കരട് പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളി. ജംബോ ഭാരവാഹി പട്ടിക അംഗീകരിക്കാനാവില്ലെന്ന് ഹൈക്കമാന്‍ഡ് കെപിസിസി നേതൃത്വത്തെ അറിയിച്ചു. പട്ടിക പുതുക്കി നല്‍കണം. ഭാരവാഹികളെ നിശ്ചയിക്കാന്‍ മാനദണ്ഡം വേണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടുതല്‍ ചെറുപ്പക്കാരെയും സ്ത്രീകളെയും ഉള്‍പ്പെടുത്തണം, ജാതി, മത പ്രാതിനിധ്യം ഉറപ്പാക്കണം. ഒരാള്‍ക്ക് ഒരു പദവി എന്ന നിര്‍ദ്ദേശം പാലിക്കാന്‍ കഴിയുമോ എന്ന് ആലോചിക്കണം. ഒപ്പം ഭാരവാഹികളുടെ എണ്ണം കുറയ്ക്കണം എന്നുമാണ് നിര്‍ദ്ദേശം.
എ, ഐ ഗ്രൂപ്പുകള്‍ നിര്‍ദ്ദേശിച്ചവരുടെ പേരുകളും ഒപ്പം നിലവില്‍ ഗ്രൂപ്പ് രഹിതരായ നേതാക്കള്‍ നല്‍കിയ പേരുകളും ഉള്‍പ്പെടുത്തിയ ജംബോ ഭാരവാഹി പട്ടികയാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിന് നല്‍കിയത്. ഈ പട്ടിക വെട്ടിയ ഹൈക്കമാന്‍ഡ് ഭാരവാഹികളെ സംബന്ധിച്ച് ചില നിര്‍ദ്ദേശങ്ങളും മുന്നോട്ടു വച്ചിട്ടുണ്ട്. ഇതോടെ പ്രമുഖരായ പലരും പുറത്തേക്ക് പോകുമെന്നാണ് വിവരം. ഒപ്പം പുനസംഘടന ഇനിയും വൈകുകയും ചെയ്യും. കേരളം മാതൃകയാക്കി പുനഃസംഘടന പൂര്‍ത്തിയാക്കാമെന്ന അഭിപ്രായം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉയര്‍ന്ന സാഹചര്യത്തല്‍ കൂടിയാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍.
ഒരാള്‍ക്ക് ഒരു പദവിയിലും ഭാരവാഹികളുടെ എണ്ണം കുറയ്ക്കുന്നതിലും തുടക്കം മുതല്‍ അനുകൂല നിലപാടാണ് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്. പൊതു മാനദണ്ഡമായി തീരുമാനിച്ചാല്‍ അത് അംഗീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച ഉമ്മന്‍ ചാണ്ടി ഐ ഗ്രൂപ്പിന് എത്ര ഭാരവാഹികള്‍ ഉണ്ടോ അത്രയും ഭാരവാഹികള്‍ എ ഗ്രൂപ്പിനും വേണമെന്ന ഉപാധി മാത്രമാണ് വെച്ചത്. ഒരാള്‍ക്ക് ഒരു പദവിയിലും സമാന നിലപാടാണ് സ്വീകരിച്ചത്. പൊതു മാനദണ്ഡം ആണെങ്കില്‍ എ ഗ്രൂപ്പ് പാലിക്കും. എന്നാല്‍ തുടക്കം മുതല്‍ എണ്ണം കുറയ്ക്കല്‍ പ്രായോഗികമല്ലെന്ന നിലപാടാണ് ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ചത്. ഒരാള്‍ക്ക് ഒരു പദവി അംഗീകരിക്കാനാവില്ലെന്നും ഐ ഗ്രൂപ്പ് നിലപാട് എടുത്തു.
കഴിഞ്ഞ 14 മാസമായുളള കൂട്ടിക്കിഴിക്കലുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ തയ്യാറാക്കിയ സമവായ പട്ടികയാണ് ഇപ്പോള്‍ അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നത്. മുല്ലപ്പളളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായും കൊടിക്കുന്നില്‍ സുരേഷിനെയും അന്തരിച്ച എം ഐ ഷാനവാസിനെയും കെ സുധാകരനെയും വര്‍ക്കിംഗ് പ്രസിഡന്റുമാരായും അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചത് 2018 സപ്തംബര്‍ 19നാണ്. വിവിധ കാരണങ്ങളാല്‍ പല തവണ നീട്ടി വച്ച പുനഃസംഘടനാ ചര്‍ച്ച ഏറ്റവും ഒടുവില്‍ വീണ്ടും സജീവമായത് ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിന് ശേഷമാണ്.