തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്ന കേസ്:മന്ത്രി ആന്റണി രാജുവിനെതിരായ കേസിന്റെ വിചാരണ വൈകല്‍; വിചാരണക്കോടതിയോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി
ഹരജിക്കു പിന്നില്‍ ഗൂഢതാല്‍പര്യമുണ്ടെന്നും നിയമപരമായി നിലനില്‍ക്കാത്ത ഹരജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.ഇത്തരത്തില്‍ ഒരു ഹരജി വരുമ്പോള്‍ കോടതിക്കു നോക്കിനില്‍ക്കാനാവുമോയെന്ന് ഹൈക്കോടതി
കൊച്ചി: തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്ന് ആരോപിച്ചുള്ള മന്ത്രി ആന്റണി രാജുവിനെതിരായ കേസിന്റ വിചാരണ നടപടി നീണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിചാരണക്കോടതിയോട് റിപ്പോര്‍ട്ട് തേടി.കേസിലെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി.ഹരജിക്കു പിന്നില്‍ ഗൂഢതാല്‍പര്യമുണ്ടെന്നും നിയമപരമായി നിലനില്‍ക്കാത്ത ഹരജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
ഇത്തരത്തില്‍ ഒരു ഹരജി വരുമ്പോള്‍ കോടതിക്കു നോക്കിനില്‍ക്കാനാവുമോയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.തുടര്‍ന്നാണ് ഹരജിയില്‍ വിചാരണക്കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയത്.റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കേസുമായി ബന്ധപ്പെട്ട് തുടര്‍ നടപടിയുടെ കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.ഹരജി രണ്ട് ആഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.1990ല്‍ വിദേശ പൗരന്‍ പ്രതിയായ ലഹരി കടത്ത് കേസില്‍ തൊണ്ടിമുതലില്‍ കൃത്രിമം നടത്തി പ്രതിക്കെതിരായ കേസ് അട്ടിമറിച്ചെന്നാണ് ആന്റണി രാജുവിനെതിരായ ആരോപണം.ഇതുമായി ബന്ധപ്പെട്ട് 2008ല്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും വിചാരണ അനന്തമായി നീളുകയാണുണ്ടായത്.