രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി ഹൈക്കോടതി
പരാതിയില്‍ 2 ദിവസത്തിനകം തീരുമാനം ആവശ്യപ്പെട്ടായിരുന്നു ആവണി ബെന്‍സാല്‍, ബെംഗളൂരു സ്വദേശി രഞ്ജിത് തോമസ് എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചത്. രാജീവ് ചന്ദ്രശേഖര്‍ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വത്തു വിവരം മറച്ചു വച്ചുവെന്നു പരാതി നല്‍കിയിട്ടും വരണാധികാരി നടപടി സ്വീകരിച്ചില്ലെന്നായിരുന്നു ആരോപണം. വീടിന്റെയും കാറിന്റെയും സ്വകാര്യ ജെറ്റിന്റെയും വിവരങ്ങള്‍ നല്‍കിയില്ലെന്നും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ഓഹരി മൂല്യം കുറച്ചു കാണിച്ചുവെന്നും ഹരജിയില്‍ പറയുന്നു.
സൂക്ഷ്മപരിശോധന സമയത്തു ലഭിക്കുന്ന പരാതികള്‍ പരിഗണിച്ചു വേണം പത്രിക സ്വീകരിക്കണോ തള്ളണോ എന്ന് തീരുമാനിക്കാന്‍ എന്ന് ഹരജിക്കാര്‍ വാദിച്ചു. എന്നാല്‍ വരണാധികാരി അത്തരം നടപടികളിലേക്ക് കടക്കാതെയാണ് പത്രിക സ്വീകരിച്ചത് എന്നും ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഇത് തെറ്റാണെന്നും ഹര്‍ജിക്കാരിയായ ആവണി ബെന്‍സാല്‍ വാദിച്ചു. തനിക്ക് ഇന്നലെ, തിങ്കളാഴ്ച, മാത്രമാണ് പരാതി ആദായ നികുതി വകുപ്പിന് വിട്ടുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചതെന്നും ഇത് മനഃപൂര്‍വം വൈകിപ്പിക്കുകയായിരുന്നു എന്നും അവര്‍ പറഞ്ഞു. തുടര്‍ന്നാണ് ഈ സാഹചര്യത്തില്‍ പരാതിയുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായ ശേഷം തിരഞ്ഞെടുപ്പു ഹരജി നല്‍കാമെന്ന് കോടതി വ്യക്തമാക്കിയത്.