'അസത്യ പ്രചാരണം നടത്തുന്നു', ശശി തരൂരിനെതിരേ നിയമ നടപടികളുമായി രാജീവ് ചന്ദ്രശേഖർ

Update: 2024-04-10 11:05 GMT

തിരുവനന്തപുരം : തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരേനിയമ നടപടികളുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. തനിക്കെതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വക്കീല്‍ നോട്ടിസ് അയച്ചത്. വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്ന, ഒരു അഭിമുഖത്തില്‍ ശശി തരൂര്‍ രാജീവ് ചന്ദ്രശേഖറിനെതിരെ നടത്തിയ പ്രസ്താവനയാണ് പരാതിക്ക് അടിസ്ഥാനം. ഈ പ്രസ്താവന പിന്‍വലിക്കണമെന്നാണ് ആവശ്യം.

നോട്ടിസ് കൈപ്പറ്റി 24 മണിക്കൂറിനുളളില്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. 'വ്യാജ പ്രസ്താവന നടത്തരുത്. പ്രസ്താവനയില്‍ തെളിവുണ്ടെങ്കില്‍ ഹാജരാക്കണം. അല്ലാത്ത പക്ഷം അപമാനിക്കാനുളള ശ്രമമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ചൂണ്ടിക്കാട്ടുന്നു.

വിഷയത്തില്‍ എന്‍ഡിഎയും തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും ഇലക്ഷന്‍ കമ്മീഷനെയും സമീപിച്ചിട്ടുണ്ട്. വ്യജ പ്രസ്താവന നടത്തി സമൂഹത്തില്‍ ഭിന്നിപ്പിന് ശ്രമിക്കുന്നുവെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയിലുണ്ടായിരുന്നത്.

Tags:    

Similar News